തിരുവനന്തപുരം: ഒരു രാത്രി മുഴുവൻ കേരളം ഉറക്കമൊഴിഞ്ഞ് കാത്തിരുന്ന യാത്രക്കുശേഷം ശ്രീചിത്രയിലെത്തിയ ഫാത്തിമ ലൈബയുടെ ശസ്ത്രകിയ കഴിഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിലുടനീളം 73 ദിവസം മാത്രം പ്രായമായ കുഞ്ഞു ഫാത്തിമക്ക് ആയിരങ്ങളുടെ പ്രാർഥന കൂട്ടുണ്ടായിരുന്നു. ആറുമണിക്കൂർ നീണ്ട അതിസങ്കീർണമായ ഹൃദയ ശസ്ത്രക്രിയ വിജയകരമാണെന്നാണ് പ്രാഥമിക നിഗമനം.
ശസ്ത്രക്രിയക്കു ശേഷം ഐ.സി.യുവിലാണ് ഫാത്തിമ ഇപ്പോൾ. അണുബാധക്ക് സാധ്യതയുള്ളതിനാൽ കരുതലോടെയാണ് ശ്രീചിത്രയിലെ ഡോക്ടർമാർ ഫാത്തിമയെ നോക്കുന്നത്. ബുധനാഴ്ച രാത്രി 8.30ഓടെ പരിയാരം മെഡിക്കൽ കോളജിൽനിന്ന് ഫാത്തിമയുമായി പുറപ്പെട്ട ആംബുലൻസ് വ്യാഴാഴ്ച പുലർച്ച 3.30 ഓടെ ശ്രീചിത്രയിലെത്തിയിരുന്നു. തുടർന്ന്, ഐ.സി.യുവിൽ പ്രവേശിപ്പിച്ച ഫാത്തിമയെ അന്നുതന്നെ വിവിധ പരിശോധനകൾക്ക് വിധേയമാക്കി. വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിച്ച ശസ്ത്രക്രിയ വൈകീട്ട് 4.45 ഒാടെയാണ് പൂർത്തിയായത്. ഈ സമയം മുഴുവൻ ആശുപത്രിക്ക് പുറത്ത് മാതാവ് ആയിഷ സ്വഫ്വാനയും അമ്മാവൻ സത്താറും ഉൾപ്പെടെ ബന്ധുക്കളെല്ലാം പ്രാർഥനയിലായിരുന്നു.
ഇവർക്കൊപ്പം കേരളത്തിലങ്ങോളമിങ്ങോളമുള്ള കാരുണ്യത്തിെൻറ ഉറവ വറ്റാത്ത ആയിരങ്ങളും പ്രാർഥനയിൽ പങ്കുചേർന്നു. പ്രതീക്ഷിച്ചതിനെക്കാൾ സംതൃപ്തമായി ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് ഡോക്ടർമാരും നഴ്സുമാരും. ഐ.സി.യുവിലേക്ക് മാറ്റിയ ഫാത്തിമ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കുഞ്ഞിെൻറ മാതാവിന് ശനിയാഴ്ച ഫാത്തിമയെ കാണാനാകും. തങ്ങൾക്കൊപ്പം പ്രാർഥനകളുമായി അണിനിരന്നവർക്കെല്ലാം നന്ദിപറയുകയാണ് ഇൗ കുടുംബം. മോശമായ ആരോഗ്യാവസ്ഥയിലും ഫാത്തിമയുടെ തിരുവനന്തപുരത്തേക്കുള്ള യാത്ര സാധ്യമാക്കിയ മിഷനിൽ പങ്കെടുത്ത ഓരോരുത്തരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് ഫാത്തിമയുടെ അമ്മാവൻ സത്താർ പറഞ്ഞു. ഫാത്തിമ ലൈബക്ക് ജന്മനാ തന്നെ ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം എസ്.എ.ടിയിലായിരുന്നു ജനനം. തുടർ ചികിത്സക്കായി തീയതി നിശ്ചയിച്ച് കാസർകോട്ടെ വീട്ടിലെത്തിയെങ്കിലും ചുമയെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്ന് എത്രയും വേഗം വിദഗ്ധ ചികിത്സക്കായി ശ്രീചിത്രയിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. അതിനുശേഷമാണ് കേരളം കണ്ണിമവെട്ടാതെ കാത്തിരുന്ന ‘ട്രാഫിക്’സിനിമ മാതൃകയിലെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.