തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെ.ടി.യു), കേരള ഡിജിറ്റൽ സർവകലാശാല (ഡി.യു.കെ) വി.സി നിയമനങ്ങളിൽ ഗവർണറും സർക്കാറും രണ്ട് തട്ടിൽ. സമർപ്പിച്ച പാനലിൽ നിന്ന് തന്നെ വി.സിയെ നിയമിക്കണമെന്ന് സർക്കാർ ആവർത്തിച്ചപ്പോൾ സുപ്രീംകോടതി വിധി പ്രകാരമേ പകരം നിയമിക്കാനാകൂ എന്ന നിലപാടിൽ ഗവർണറും ഉറച്ചുനിൽക്കുന്നു. ഇക്കാര്യത്തിൽ ഹൈകോടതിയിൽ നിന്ന് വ്യക്തത തേടാനുള്ള തീരുമാനത്തിലാണ് രാജ്ഭവൻ.
വി.സി നിയമനത്തിനായി സർക്കാർ മൂന്ന് പേരുകൾ അടങ്ങിയ പാനൽ സമർപ്പിച്ചിരുന്നു. ഡിജിറ്റൽ സർവകലാശാല വി.സിയായിരുന്ന ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി.ആർ ഷാലിജ്, കോതമംഗലം എം.എ കോളജ് ഓഫ് എൻജിനീയറിങിലെ പ്രഫ. വിനോദ്കുമാർ ജേക്കബ് എന്നിവരുടെ പേരുകളാണ് കെ.ടി.യുവിലേക്ക് നൽകിയത്. സാങ്കേതിക സർവകലാശാല വി.സി സ്ഥാനത്ത് നിന്ന് സുപ്രീംകോടതി വിധിയിലൂടെ പുറത്തായ മുൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. എം.എസ് രാജശ്രീയുടെ ഉൾപ്പെടെ പേരുകളാണ് ഡി.യു.കെ വി.സി നിയമനത്തിനായി നൽകിയത്. എന്നാൽ വി.സി നിയമനത്തിൽ ഗവർണർ ബാഹ്യഇടപെടലുകൾക്ക് വഴങ്ങരുതെന്ന കണ്ണൂർ വി.സി പുനർനിയമന കേസിലെ വിധി പരാമർശം ചൂണ്ടിക്കാട്ടി ഗവർണർ പാനൽ സമർപ്പിച്ചതിൽ സർക്കാറിൽ നിന്ന് വ്യക്തത തേടിയിരുന്നു.
നേരത്തെ കെ.ടി.യുവിൽ സർക്കാർ പാനൽ തള്ളി ഡോ. സിസ തോമസിനെ വി.സിയായി നിയമിച്ച കേസിൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് നൽകിയ നിർദേശം പാലിക്കണമെന്ന നിലപാടിൽ സർക്കാറും ഉറച്ചുനിൽക്കുന്നു. സർക്കാറുമായി കൂടിയാലോചിച്ച് താൽക്കാലിക വി.സി നിയമനം നടത്തണമെന്നായിരുന്നു ഹൈകോടതി നിർദേശം. ബാഹ്യഇടപെടൽ പാടില്ലെന്ന് സുപ്രീംകോടതി വിധിയുള്ളതിനാൽ ഹൈകോടതി വിധിക്ക് പ്രസക്തിയില്ലെന്നാണ് രാജ്ഭവൻ നിലപാട്. വി.സി നിയമനം പുതിയ നിയമക്കുരുക്കിലേക്ക് പോകുന്നത് ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഹൈകോടതിയിൽ നിന്ന് വ്യക്തത തേടുന്നത്. രണ്ട് സർവകലാശാലകളിലും വി.സി പദവി ഒഴിവുവന്നിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ബദൽ ക്രമീകരണമായിട്ടില്ല. ഒപ്പിടാൻ വി.സിയില്ലാത്തതിനാൽ കെ.ടി.യുവിൽ വിദ്യാർഥികളുടെ ബിരുദ സർട്ടിഫിക്കറ്റുകളുടെ വിതരണവും തടസപ്പെട്ടിട്ടുണ്ട്.
സർക്കാറിന് നിർണായകം
സാങ്കേതിക സർവകലാശാലയിൽ ആദ്യമായി കൂട്ട അധ്യാപക നിയമനം നടക്കാൻ പോകുന്നതിനാൽ സർക്കാറിന് വി.സി നിയമനം നിർണായകമാണ്. സർവകലാശാല ആരംഭിച്ച പഠന സ്കൂളുകളിലേക്കായി പ്രഫസർ, അസോ. പ്രഫസർ, അസി. പ്രഫസർ എന്നിങ്ങനെ 40 തസ്തികകളിൽ നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. യു.ജി.സിയുടെ പുതിയ റഗുലേഷൻ പ്രകാരം അധ്യാപക നിയമനങ്ങളിൽ വി.സിക്ക് സുപ്രധാന ചുമതലയാണുള്ളത്. സർക്കാർ താൽപര്യം നടക്കണമെങ്കിൽ സർക്കാർ നോമിനി തന്നെ വി.സി പദവിയിൽ വരണം. സർവകലാശാല അധ്യാപകരുടെ വിരമിക്കൽ പ്രായം 60 ആയതിനാൽ നിലവിൽ സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിൽ ജോലി ചെയ്യുന്ന അധ്യാപകർ കെ.ടി.യുവിലെ നിയമനം ലക്ഷ്യമിട്ട് നീക്കവുമാരംഭിച്ചിട്ടുണ്ട്. സർക്കാർ നോമിനിയായി എത്തുന്ന വി.സിയെ സി.പി.എം നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റിന് നിയന്ത്രിക്കാനുമാകും. എന്നാൽ, രാജ്ഭവൻ വഴി ബി.ജെ.പി താൽപര്യത്തിൽ വി.സി നിയമനം നടന്നാൽ സർവകലാശാലയിലെ അധ്യാപക നിയമനത്തിലും അത് പ്രതിഫലിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.