പി.പി. പ്രശാന്ത്
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പാലക്കാട്ടെ പാതിരാ പരിശോധന വിവാദം കത്തിക്കാളുന്നു. കോൺഗ്രസ് വനിത നേതാക്കളുടെ ഹോട്ടൽ മുറിയിലെ പരിശോധനയാണ് ആദ്യദിവസം ചർച്ചയിൽ നിറഞ്ഞതെങ്കിൽ ഇപ്പോൾ ചർച്ചകൾ സജീവമാകുന്നത് സി.പി.എം പുറത്തുവിടുന്ന സി.സി ടി.വി ദൃശ്യങ്ങളുമായി ബന്ധപ്പെട്ടാണ്. ഹോട്ടൽ മുറിയിൽ കള്ളപ്പണം എത്തിച്ചെന്ന ആരോപണം തെളിയിക്കാനായില്ലെങ്കിലും ആരോപണം സാധൂകരിക്കാൻ പുറത്തുവിടുന്ന സി.സി ടി.വി ദൃശ്യങ്ങളാണ് സി.പി.എം പിടിവള്ളിയാക്കുന്നത്.
നീല ട്രോളി ബാഗ് ഹോട്ടലിലെത്തുന്നതും വ്യാജരേഖ കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്നയാൾ ഈ ബാഗുമായി പുറത്തിറങ്ങുന്നതും യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പിന്നാലെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. താമസിക്കുന്ന ഫ്ലാറ്റിൽനിന്ന് കൊണ്ടുവന്ന വസ്ത്രങ്ങളായിരുന്നെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നെങ്കിലും വ്യാഴാഴ്ച വൈകീട്ട് ഹോട്ടലിനു പുറത്തെ സി.സി ടി.വി ദൃശ്യങ്ങൾ കൂടി വന്നതോടെ രാഹുലിനെ പ്രതിക്കൂട്ടിലാക്കാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങൾക്ക് അത് കരുത്തായി.
നീല ട്രോളി ബാഗ് വെച്ച കാറിലല്ല, രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട്ടേക്ക് മടങ്ങിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മറ്റൊരു ബാഗുമായി രാഹുൽ പോകുന്നതും സഹായി ഫെനി മറ്റൊരു കാറിൽ അനുഗമിക്കുന്നതും രണ്ടാം സി.സി ടി.വിയിൽ വ്യക്തം. ഇനി കോഴിക്കോട്ട് രാഹുൽ തങ്ങിയ ഹോട്ടലിലെ സി.സി ടി.വി പരിശോധിച്ച് നീല ട്രോളി ബാഗ് അവിടെയെത്തിയോയെന്ന സംശയംകൂടി ദൂരീകരിക്കാനുള്ള ഒരുക്കത്തിലാണ് സി.പി.എമ്മും പൊലീസും. ട്രോളിബാഗ് വിവാദം സി.പി.എമ്മും ബി.ജെ.പി.യും കത്തിക്കുന്നുണ്ടെങ്കിലും അതിൽ പണമുണ്ടെന്ന് തെളിയിക്കുന്നതൊന്നും കണ്ടെത്തിയിട്ടില്ല. അതിനാൽ സി.പി.എം പരാതി നൽകിയെങ്കിലും പൊലീസ് എഫ്.ഐ.ആർ ഇട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.