കണ്ണൂർ: മുൻ എ.ഡി.എം കെ. നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയംഗവും ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയുടെ ജാമ്യഹരജിയിൽ വിധി ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയിൽ രാവിലെ 11ന് ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് വിധി പറയുക.
കേസിൽ ഈമാസം അഞ്ചിന് വാദം കേൾക്കൽ പൂർത്തിയാക്കിയശേഷമാണ് വിധി പറയാൻ ഇന്നേക്ക് മാറ്റിവെച്ചത്. ഒരാഴ്ചയായി കണ്ണൂർ വനിത ജയിലിൽ കഴിയുന്ന ദിവ്യയെ സംബന്ധിച്ച് നിർണായകമാണ് കോടതി വിധി. ഇതിന് മുന്നോടിയായി ഇന്നലെ ദിവ്യയെ പാർട്ടി പദവികളിൽ നിന്ന് നീക്കി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയുടെ അടിയന്തര യോഗം തീരുമാനിച്ചിരുന്നു.
കെ. നവീൻബാബു കൈക്കൂലി കൈപ്പറ്റിയെന്ന് ആവർത്തിക്കുകയാണ് ജാമ്യാപേക്ഷയിൽ നടന്ന വാദത്തിൽ ദിവ്യ ചെയ്തത്. പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തും നവീൻബാബുവും ഫോണിൽ സംസാരിച്ചെന്നും ഇരുവരും കണ്ടുമുട്ടിയതിന് സി.സി.ടി.വി ദ്യശ്യങ്ങൾ ഉണ്ടെന്നുമാണ് വാദത്തിൽ അഭിഭാഷകൻ കെ. വിശ്വൻ ചൂണ്ടിക്കാട്ടിയത്. രണ്ട് മണിക്കൂർ നീണ്ട വാദങ്ങളാണ് ദിവ്യയുടെ അഭിഭാഷകനും പ്രോസിക്യൂഷനും നവീന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ജോൺ എസ്. റാൽഫും തമ്മിൽ നടന്നത്. ജാമ്യം തള്ളിയാൽ ഹൈകോടതിയെ സമീപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.