കൊച്ചി: യാക്കോബായ-ഓർത്തഡോക്സ് തർക്കവുമായി ബന്ധപ്പെട്ട് സർക്കാറിനെതിരായ കോടതിയലക്ഷ്യ ഹരജി വെള്ളിയാഴ്ച പരിഗണിക്കും. എറണാകുളം, പാലക്കാട് ജില്ലകളിൽ തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന കോടതി ഉത്തരവുകൾ നടപ്പാക്കാത്തതിനെതിരായ കേസാണ് ഉച്ചക്ക് രണ്ടിന് ജസ്റ്റിസ് വി.ജി. അരുൺ പരിഗണിക്കുക. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, മധ്യമേഖല പൊലീസ് ഐ.ജി, ജില്ല കലക്ടർമാർ, റൂറൽ ജില്ല പൊലീസ് മേധാവി, ആർ.ഡി.ഒ, ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസർമാർ, യാക്കോബായ പക്ഷക്കാരായ ചില പുരോഹിതർ, വിശ്വാസികൾ തുടങ്ങിയ എതിർകക്ഷികൾ വെള്ളിയാഴ്ച നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി കുറ്റം ചുമത്താനാണ് ഇവരോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടുള്ളത്. അതേസമയം ഉപതെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ വെള്ളിയാഴ്ച നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നും ഓൺലൈനായി ഹാജരാകാമെന്നുമുള്ള പാലക്കാട് കലക്ടറുടെ ആവശ്യം കോടതി അനുവദിച്ചു.
എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ്, പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ്, മഴുവന്നൂർ സെന്റ് തോമസ്, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ്, എരിക്കിൻചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് എന്നീ പള്ളികൾ ഏറ്റെടുക്കാനാണ് കലക്ടർമാർക്ക് ആഗസ്റ്റ് 30ന് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. ഇതിനെതിരെ മറുപക്ഷം അപ്പീൽ നൽകിയെങ്കിലും ഡിവിഷൻ ബെഞ്ച് തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.