തൃശൂർ: ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ ചൂട് കുറഞ്ഞെങ്കിലും ഈ മാസം പ്രവചനാതീതമെന്ന് കാലാവസ്ഥ ഗവേഷകർ. കേരളത്തിൽ സാധാരണ രീതിയിലുള്ള ചൂടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
പകൽ, രാത്രികാല താപനില സാധാരണ നിലയിലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ കുറിപ്പിലുണ്ട്. അതേസമയം, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്തവണ താപതരംഗ സാധ്യതയാണ് നിഴലിക്കുന്നത്. ഈ മേഖലയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും ഏപ്രിൽ മുതൽ ജൂൺ വരെ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് അറിയിപ്പിലുണ്ട്.
വരും ദിവസങ്ങളിൽ മധ്യ, കിഴക്ക്, വടക്ക്, പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയും വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനം കേരളത്തിൽ ഉണ്ടാവുമെന്ന നിലപാടാണ് പ്രശസ്ത കാലാവസ്ഥ ഗവേഷകൻ ഡോ. എസ്. അഭിലാഷ് പങ്കുവെക്കുന്നത്. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ പ്രത്യേകിച്ചും വടക്കൻ ജില്ലകളിലും ഇതിന്റെ അനുരണനങ്ങൾ ഉണ്ടായേക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, ഫെബ്രുവരിയിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടിയ ചൂട് മാർച്ചിൽ ഒരു ഡിഗ്രിയിലേക്ക് കുറഞ്ഞു. ഇത് താപവ്യതിയാനം കുറച്ചു. എന്നാൽ, ആർദ്രത കുറയാത്ത സാഹചര്യമാണ് വല്ലാതെ പുഴുക്കും ചൂടും അനുഭവപ്പെടുന്നതിന് കാരണം. ചൂട് കൂടിയതും മഴ കുറഞ്ഞതുമായ സാഹചര്യത്തിൽ ജലക്ഷാമം മുന്നിൽ കാണുന്നുണ്ട്.
ചൂട് ഏറ്റവും കൂടേണ്ട മാസമാണ് ഏപ്രിൽ എന്നും ജലപ്രതിസന്ധി മുന്നിൽ കാണേണ്ടതുണ്ടെന്നുമാണ് കാലാവസ്ഥ വ്യതിയാന ഗവേകൻ ഡോ. ചോലയിൽ ഗോപകുമാറിന്റെ നിഗമനം. മഴ ഇടക്കിടെ ലഭിച്ചാൽ പ്രശ്നപരിഹാരം ഉണ്ടാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രത്യാശ.
ഏപ്രിലിൽ വടക്കൻ കേരളത്തിൽ മഴ താരതമ്യേന കുറയുമെന്നും മധ്യ, തെക്കൻ കേരളത്തിൽ സാധാരണ രീതിയിൽ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. നിലവിൽ തെക്കൻ ജില്ലകളിലെ കിഴക്കൻ മേഖലകളിൽ മാത്രമാണ് മഴ ലഭിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കിഴക്കൻ മേഖലകളിൽ പരിമിതപ്പെടുന്ന വേനൽമഴ വടക്കൻ ജില്ലകളിലേക്ക് എത്തിനോക്കിയിട്ടു പോലുമില്ല. മാർച്ച് ഒന്നുമുതൽ ഏപ്രിൽ 10വരെ 26.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട കണ്ണൂരിൽ മാനം കനിഞ്ഞിട്ടുമില്ല. മലപ്പുറം (93), കോഴിക്കോട്, കാസർകോട് ജില്ലകളിൽ 91 ശതമാനവും മഴക്കമ്മിയാണുള്ളത്.
ഇടുക്കിയിൽ 16 ശതമാനവും വയനാട് 36 ശതമാനവും മഴ കൂടുതലാണ്. കാര്യങ്ങൾ ഇങ്ങനെ പോയാൽ 2015ന് സമാനം കടുത്ത വരൾച്ചയാണ് എത്തിനോക്കുന്നത്. സമീപ വർഷങ്ങൾക്കുസമാനമായ മഴ ലഭിച്ചാൽ മാത്രമേ കാര്യങ്ങൾ മെച്ചപ്പെടൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.