കൊച്ചി: ചുട്ടുപൊള്ളുന്ന ചൂടിൽനിന്ന് വൈകുന്നേരങ്ങൾ വേനൽമഴക്ക് വഴിമാറി. മഴക്കൊപ്പം ഇടിമിന്നലും കാറ്റും ജില്ലയിൽ ശക്തമായിട്ടുണ്ട്. മുൻദിവസങ്ങളിലേതുപോലെ പകൽസമയത്ത് ചൂട് നിലനിൽക്കുന്നുണ്ടെങ്കിലും ഉച്ചകഴിയുന്നതോടെ മേഘാവൃതമാകുകയും മഴപെയ്യുന്നതുമായ രീതിയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് കൂടുതലായി മഴ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. പല സ്ഥലങ്ങളിലും കാറ്റിൽ നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോതമംഗലം, മൂവാറ്റുപുഴ മേഖലകളിൽ തുടർച്ചയായ ദിവസങ്ങളിൽ മഴ ലഭിക്കുന്നുണ്ട്. മൂവാറ്റുപുഴ മാറാടി മേഖലയിൽ കൃഷിനാശവും റിപ്പോർട്ട് ചെയ്തിരുന്നു. നോർത്ത് പറവൂർ, ആലുവ തുടങ്ങിയ സ്ഥലങ്ങളിലും വേനൽമഴ നന്നായി ലഭിച്ചു.
തെക്ക്-കിഴക്കൻ അറബിക്കടലിനോടും ലക്ഷദ്വീപിനോടും ചേർന്ന് ചക്രവാത ചുഴി നിലനിൽക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അറിയിപ്പ്. ചക്രവാത ചുഴിയിൽനിന്ന് ഛത്തിസ്ഗഢ് വരെ ന്യൂനമർദപാത്തിയും നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനഫലമായി ചൊവ്വാഴ്ച വരെ മഴ ശക്തിയാകുമെന്നാണ് റിപ്പോർട്ട്. ജില്ലയിൽ ശനിയാഴ്ച യെല്ലോ അലേർട്ടായിരുന്നു.
ഞായറാഴ്ച ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതികൂല കാലാവസ്ഥയില്‍ പ്രഖ്യാപിക്കുന്ന രണ്ടാംഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്. തിങ്കളാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച 30 മുതൽ 40 കി.മീ വേഗതയിൽ വരെ വീശിയേക്കാവുന്ന കാറ്റിനുള്ള സാധ്യതകൾ പ്രവചിക്കുന്നുണ്ട്. മത്സ്യബന്ധനത്തിന് പോകരുതെന്ന നിർദേശം തൊഴിലാളികൾക്ക് അധികൃതർ നൽകിയിട്ടുണ്ട്. ഇടിമിന്നലുള്ള സാഹചര്യത്തിൽ സുരക്ഷിതരാകാൻ കരുതലോടെയിരിക്കേണ്ടതും അത്യാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.