ആലപ്പുഴ: ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമീഷൻ റിപ്പോർട്ടിൽ വിലക്കപ്പെട്ട കാര്യങ്ങൾ ഒഴിച്ചുള്ളത് സർക്കാർ പുറത്തുവിടുമെന്ന് മന്ത്രി സജി ചെറിയാൻ. ഒരു വ്യക്തിയെയും പേരെടുത്ത് റിപ്പോർട്ടിൽ പറയുന്നില്ല. റിപ്പോർട്ടിൽ നിന്ന് ചില കാര്യങ്ങൾക്ക് രൂപരേഖ തയാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. വ്യക്തിയുടെ സ്വകാര്യതകളും അതിലേക്ക് എത്താവുന്ന പരാമർശങ്ങൾ റിപ്പോർട്ടിനകത്ത് ഉണ്ടെങ്കിൽ അത് പുറത്തുവിടില്ല -മന്ത്രി പറഞ്ഞു.
വിവരാവകാശ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ മറച്ചുവെക്കരുതെന്നാണ് വിവരാവകാശ കമീഷന്റെ ഉത്തരവെന്ന് മന്ത്രി പറഞ്ഞു. അത് തന്നെയാണ് ആദ്യം മുതൽതന്നെ സംസ്ഥാന സർക്കാരും സ്വീകരിച്ച നിലപാട്. റിപ്പോർട്ട് നിയമപരമായി പഠിച്ച ശേഷം ഏതൊക്കെ കാര്യങ്ങൾ പുറത്തുവിടണമെന്ന് തീരുമാനിക്കും. റിപ്പോർട്ടിൽ ഒരുപാട് വിഷയങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. അതിലെ പ്രധാനപ്പെട്ട നിർദേശങ്ങളുടെയും അടൂർ ഗോപാലകൃഷ്ണൻ സമർപ്പിച്ച റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിൽ ഒരു സിനിമ കോൺക്ലേവ് കേരളത്തിൽ സംഘടിപ്പിക്കും. സിനിമാരംഗത്തെ പ്രതിസന്ധികളും പ്രശ്നങ്ങളും മുന്നോട്ടുള്ള വളർച്ചയും ഭാവിയും സംബന്ധിച്ച് രൂപരേഖ തയാറാക്കാനുള്ള ചർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.