തിരുവനന്തപുരം: മലയാള സിനിമ മേഖലയിലെ പ്രമുഖരിൽനിന്ന് സ്ത്രീകൾ നേരിട്ട ലൈംഗിക ചൂഷണമടക്കമുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ തിരശ്ശീലക്ക് പിന്നിൽ നടക്കുന്നത് തിരക്കഥയെ വെല്ലുന്ന സീനുകൾ. റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാറിന് മുന്നിൽ ഒരു തടസ്സവുമില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിരന്തരം ആവർത്തിക്കുമ്പോഴും വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുപോകാതിരിക്കാൻ 18 അടവും പയറ്റുകയാണ് സർക്കാറും വകുപ്പ് ഉദ്യോഗസ്ഥരും. റിപ്പോർട്ട് പുറത്തുവിടണമെന്ന് ഉത്തരവിട്ട സംസ്ഥാന വിവരാവകാശ കമീഷനുമേൽ പോലും കടുത്ത സമ്മർദമാണ് ഉണ്ടായതെന്നാണ് വിവരം.
റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടാമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ട് പുറത്തുവിടാതിരിക്കുന്നതിനിൽ സർക്കാറിനോ സാംസ്കാരിക വകുപ്പിനോ റോളില്ലെന്നുമാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് വിശദീകരിച്ചത്. അങ്ങനെയൊരു ഉത്തരവുണ്ടെങ്കിൽ പുറത്തുവിടണമെന്നും സജി ചെറിയാൻ വെല്ലുവിളിച്ചിരുന്നു.
എന്നാൽ, വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചവർക്ക് ശനിയാഴ്ച രാവിലെ 11ന് സെക്രട്ടേറിയറ്റിലെ മെയിൻ ബ്ലോക്കിൽ റൂം 359ൽ വെച്ച് റിപ്പോർട്ട് കൈമാറുമെന്ന് സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും വകുപ്പിന്റെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറുമായ പി. സുഭാഷിണി തങ്കച്ചി ഈ മാസം 14ന് ഇ-മെയിൽ മുഖാന്തരവും ഫോൺ വഴിയും അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് സാംസ്കാരിക വകുപ്പ് ഇറക്കിയ കത്ത് ‘മാധ്യമ’ത്തിന് ലഭിച്ചു.
സാംസ്കാരിക വകുപ്പിന്റെ ഔദ്യോഗിക ഇ-മെയിൽ മുഖാന്തരവും വിവരം അപേക്ഷകരെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി നടി രഞ്ജിനിയുടെ കത്തും സിനിമ മേഖലയിൽനിന്നുള്ള പ്രമുഖരുടെ സമ്മർദവുമായതോടെ സാംസ്കാരിക മന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരമാണ് ശനിയാഴ്ച റിപ്പോർട്ട് കൈമാറേണ്ടെന്ന് തീരുമാനിച്ചതെന്ന് വകുപ്പ് ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു.
റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ ഹൈകോടതിയെ സമീപിച്ചതിനു പിന്നാലെ സജിമോന്റെ ഇടപെടൽ സംശയാസ്പദമാണെന്ന് ആരോപിച്ച് വിമൻ ഇൻ കലക്ടിവ് രംഗത്തെത്തിയിരുന്നു. അന്ന് കേസിൽ കക്ഷിചേരാത്ത നടി രഞ്ജിനി റിപ്പോർട്ട് പുറത്തുവിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അപ്പീലുമായി എത്തിയതിലും സിനിമമേഖലയിലെ പ്രമുഖരുടെ സമ്മർദമുണ്ടെന്നാണ് ആരോപണം.
299 പേജ് റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി 233 പേജാണ് അപേക്ഷകർക്ക് കൈമാറുന്നത്. വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ പുറത്തുവിടില്ലെന്ന് സർക്കാറും സംസ്ഥാന വിവരാവകാശ കമീഷനും ഹൈകോടതിയും ഉറപ്പ് നൽകിയിട്ടും ഇതേ വാദമുന്നയിച്ച് മുന്നോട്ട് പോകുന്നതിന് പിന്നിൽ റിപ്പോർട്ട് പുറത്തേക്ക് എത്തുന്നത് വൈകിക്കുക എന്ന തന്ത്രമാണെന്ന് വിമൻ ഇൻ കലക്ടിവ് അംഗങ്ങൾ ആരോപിക്കുന്നു. രഞ്ജിനിയുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയാൽ വിധിക്കെതിരെ സുപ്രീംകോടതിയിൽ പോകാനുള്ള നീക്കവും അണിയറയിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.