തിരുവനന്തപുരം: സിനിമ ലോകവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സർക്കാറിനെ പ്രതിരോധത്തിലാക്കി കടുത്ത നിലപാടിലേക്ക് പ്രതിപക്ഷം. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സിദ്ദിഖും രാജിവെച്ചെങ്കിലും അതിൽ മാത്രമായി എല്ലാം അവസാനിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ഹേമ കമീഷൻ റിപ്പോർട്ട് പുറത്തുവിടാതെ സിനിമ ലോകത്തെ ഉന്നതരെ സംരക്ഷിക്കാൻ പരമാവധി ശ്രമിക്കുകയായിരുന്നു സർക്കാർ. ഒടുവിൽ റിപ്പോർട്ടിന് പിന്നാലെ സിനിമയുടെ പിന്നാമ്പുറങ്ങളിലെ ദുരനുഭവങ്ങൾ വാർത്തകളിൽ നിറയുമ്പോൾ സർക്കാർ പ്രതിരോധത്തിലാവുന്നു.
സിദ്ദിഖ് അമ്മയുടെ തലപ്പത്തുനിന്നും രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറിയെങ്കിലും സർക്കാറിന് ‘ക്ലീൻ ചിറ്റ്’ നൽകേണ്ടതില്ലെന്ന അഭിപ്രായമാണ് പ്രതിപക്ഷത്തിനുള്ളത്. സിനിമ മേഖലയിലെ പ്രശ്നപരിഹാരത്തിന് പ്രഖ്യാപിച്ച ‘കോൺക്ലേവി’നെതിരെ നേരത്തേ രംഗത്തുവന്ന പ്രതിപക്ഷം പുതിയ സംഭവവികാസങ്ങൾ സർക്കാറിനെതിരായ ശക്തമായ പോർമുഖമാക്കി മുന്നോട്ടുകൊണ്ടുപോകനാണ് ഉദ്ദേശിക്കുന്നത്.
ചൂഷണങ്ങൾക്കിരയായ കൂടുതൽപേർ ഇനിയും രംഗത്തുവരാനുള്ള സാധ്യതയും പ്രതിപക്ഷം മുന്നിൽകാണുന്നുണ്ട്. രണ്ട് പ്രമുഖരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുതെന്നും വേട്ടക്കാരെ സംരക്ഷിക്കാനിറങ്ങിയ സാംസ്കാരിക മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടതും വിഷയത്തിൽ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തണമെന്ന ഉദ്ദേശത്തോടെയാണ്. ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് അന്വേഷണം നടത്താന്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നു. സിനിമ ലോകത്തെ അനഭിഷണീയ പ്രവണതകൾ തുറന്നുകാട്ടുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാക്കുന്നത് സർക്കാറിനെ കൂടുതൽ സമ്മർദത്തിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.