കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുള്ള വെളിപ്പെടുത്തലുകളിൽ പ്രത്യേക ഉന്നത സംഘത്തെ പ്രാഥമികാന്വേഷണത്തിന് സർക്കാർ നിയോഗിച്ചത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിയമപരമായ എല്ലാ സാഹചര്യങ്ങളും നിലനിൽക്കെ. റിപ്പോർട്ടിന്റെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ കുറ്റകൃത്യം നടന്നുവെന്ന് വ്യക്തമായും സംശയിക്കാവുന്ന അറിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സർക്കാർ ബാധ്യസ്ഥവുമാണ്.
അന്വേഷണ കമീഷനുകളുടെ സ്വഭാവമോ വെളിപ്പെടുത്തൽ നടത്തുന്ന വേദിയോ സമയമോ കുറ്റകൃത്യത്തിന്റെ കാലപ്പഴക്കമോ ഒന്നും കേസെടുക്കുന്നതിൽനിന്ന് സർക്കാറിന് ഇളവ് അനുവദിക്കുന്നില്ല. എന്നിട്ടും ഉടനടി എഫ്.ഐ.ആർ ഇടേണ്ട വിഷയത്തിൽ പ്രത്യേക സംഘത്തിന്റെ പ്രാഥമികാന്വേഷണമെന്ന നടപടിയിലൊതുക്കുകയാണ് സർക്കാർ.
ഗുരുതര കുറ്റകൃത്യം (ജാമ്യമില്ല കുറ്റം) സംബന്ധിച്ച് കേവല വിവരം ലഭിച്ചാൽ പോലും ക്രിമിനൽ നടപടിച്ചട്ടം 154(1) പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ലളിത കുമാരി കേസിൽ സുപ്രീംകോടതി നിർദേശിച്ചത്. ഗൗരവമുള്ള കേസല്ലെന്ന സംശയമുണ്ടെങ്കിൽ പ്രാഥമികാന്വേഷണം ആവാമെന്നും പിന്നീട് അന്വേഷണത്തിൽ ഇത് ജാമ്യമില്ല കുറ്റത്തിന്റെ പരിധിയിൽ വരുമെന്ന് കണ്ടാലുടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. ലഭിച്ച വിവരത്തിന്റെ ആധികാരികത പരിശോധിക്കാനല്ല, ഗുരുതര കുറ്റകൃത്യം വെളിപ്പെടുത്തുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ മാത്രമാണ് പ്രാഥമികാന്വേഷണമെന്നും പ്രത്യേകം പരാമർശിക്കുന്നു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സർക്കാറിന് നൽകിയ നിയമോപദേശത്തിലും കേസെടുക്കാനാവുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രാഥമികാന്വേഷണത്തിനാണ് സർക്കാർ തയാറായത്.
എൻക്വയറി കമീഷൻ നിയമപ്രകാരമാണ് നിയമനമെന്നതിനാലാണ് സോളാർ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്തതെന്നാണ് സർക്കാർ പറയുന്നത്. ഇരയുടെ പരാതിയും ഇതോടൊപ്പം ഉയർത്തിക്കാട്ടുന്നു. എൻക്വയറി കമീഷൻ ആക്ട് പ്രകാരം നിയമിക്കപ്പെടുന്ന കമീഷന്റെ റിപ്പോർട്ട് നിയമസഭയിൽ വെക്കാനും നടപടി റിപ്പോർട്ടടക്കം സമർപ്പിക്കാനും സർക്കാർ ബാധ്യസ്ഥരാണ്. എന്നാൽ, എക്സിക്യൂട്ടിവ് ഉത്തരവ് പ്രകാരം രൂപവത്കരിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഈ ചട്ടങ്ങൾ പാലിക്കേണ്ടതില്ലെന്നതാണ് സർക്കാർ നിലപാട്. പരാതിയുണ്ടെങ്കിൽ മാത്രം അന്വേഷണമാകാമെന്ന ഇപ്പോഴത്തെ നിലപാടിനും കാരണം ഇതാണ്. കമീഷൻ റിപ്പോർട്ട് നിയമസഭയിലടക്കം വെക്കേണ്ടതില്ലെന്ന സർക്കാറിന്റെ ഈ ആത്മവിശ്വാസത്തിനാണ് വിവരാവകാശ നിയമത്തിലൂടെ റിപ്പോർട്ട് തേടിയവർ തടയിട്ടത്.
കുറ്റകൃത്യം വെളിപ്പെട്ട സാഹചര്യത്തിൽ കേസെടുക്കാൻ കമീഷനെ നിയമിച്ച രീതിയും സ്വഭാവവും തടസ്സമല്ലെങ്കിലും സർക്കാർ അതിന് മുതിർന്നില്ല. വ്യക്തിപരമായ വെളിപ്പെടുത്തലുകൾ വന്നതോടെയാണ് നിയമപരമായി അനിവാര്യമായ സമഗ്രാന്വേഷണത്തെ പ്രത്യേക സംഘത്തിന്റെ പ്രാഥമികാന്വേഷണമെന്ന ചരടിൽ കെട്ടിയിട്ട് സർക്കാർ തൽക്കാലം തലയൂരുന്നത്. സംഘത്തിന്റെ അന്വേഷണ പരിധിയിൽ വരാത്തതിനാൽ നടപടി വേണമെന്ന ആവശ്യത്തിൽ താൽക്കാലികാശ്വാസം പോലുമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.