കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസെടുക്കാവുന്ന മൊഴികളുണ്ടെന്നും ഇവ ഭാരതീയ നാഗരിക് സുരക്ഷ സംഹിത (ബി.എൻ.എസ്.എസ്) പ്രകാരം പ്രഥമവിവരമായി കണക്കാക്കി അന്വേഷിക്കണമെന്നും ഹൈകോടതി. ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് ഈ ഉത്തരവ്. പരാതികളിൽ വസ്തുതയുണ്ടോയെന്ന് പ്രത്യേക അന്വേഷണസംഘം ഉറപ്പുവരുത്തേണ്ടത് സുപ്രധാനമാണെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
കേസെടുത്തശേഷം അതിജീവിതകളെ സമീപിച്ച് മൊഴി രേഖപ്പെടുത്താം. പുതിയ മൊഴി നൽകാൻ ആരെയും നിർബന്ധിക്കരുത്. പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെങ്കിൽ അത് രേഖപ്പെടുത്തണം. കഴമ്പുണ്ടെന്ന് കാണുന്ന പരാതികളിൽ വിശദ അന്വേഷണം നടത്തി ബന്ധപ്പെട്ട കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണം. അല്ലാത്തപക്ഷം റഫർ റിപ്പോർട്ട് നൽകി നടപടി അവസാനിപ്പിക്കണം. മൊഴിയിലും എഫ്.ഐ.ആറിലും അതിജീവിതയുടെ വിവരങ്ങൾ രഹസ്യമായിരിക്കണം. ഈ രേഖകൾ അപ്ലോഡ് ചെയ്യാനോ പരസ്യമാക്കാനോ പാടില്ല. പകർപ്പ് ഇരകൾക്ക് മാത്രമേ പൊലീസ് ആദ്യം കൈമാറാവൂ. പ്രതിഭാഗത്തിന് അന്തിമ റിപ്പോർട്ട് നൽകുമ്പോൾ മാത്രമേ പരാതിക്കാരുടെ മൊഴിപ്പകർപ്പ് നൽകേണ്ടതുള്ളൂവെന്നും കോടതി വ്യക്തമാക്കി.
സിനിമ ലൊക്കേഷൻ അനുബന്ധ തൊഴിലിടങ്ങളിലെ മദ്യ, മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു. ലൊക്കേഷനുകളിൽ മയക്കുമരുന്ന് ഉപയോഗംപോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ല. ഭാവിയിലും പരിശോധനകൾ ഉണ്ടാകണം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുകയും വേണം.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ടും മറ്റും നൽകിയ ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജിക്കാർ ഉന്നയിച്ച ആരോപണങ്ങളിൽ ഒരാഴ്ചക്കകം സമഗ്ര റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ച കോടതി, ഹരജി വീണ്ടും 28ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.