ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേസെടുക്കാന്‍ കഴിയില്ലെന്ന വാദം സ്ത്രീ പീഡകരെ സംരക്ഷിക്കാനെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ജസ്റ്റിസ് ഹേമമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സ്ത്രീ പീഡകരെ സംരക്ഷിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഗുരുതരമായ കണ്ടെത്തലുകളാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. ആ റിപ്പോര്‍ട്ട് ഇത്രയും വര്‍ഷം പൂഴ്ത്തിവെച്ചതിലൂടെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് തെളിയിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കേസെടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ പരാതി ലഭിച്ചാല്‍ മാത്രമെ കേസെടുക്കുയെന്ന ബാലിശമായ വാദം അപഹാസ്യമാണ്. എക്കാലവും സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎമ്മിന്റെത്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് പോലും നീതി ഉറപ്പാക്കാന്‍ കഴിയാത്ത സിപിഎമ്മില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയും തുല്യതയും ഉറപ്പാക്കണം. വേട്ടാക്കാരെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണം. സ്ത്രീകള്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. റിപ്പോര്‍ട്ട് കൈയ്യില്‍ കിട്ടിയയുടനെ സ്വതന്ത്ര്യവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്. പിണറായി സര്‍ക്കാര്‍ അതിന് തയ്യാറാകാതെ ഇരുന്നതിലൂടെ അവരുടെ ആത്മാര്‍ത്ഥതയില്ലായ്മ പ്രകടമാണ്.

മലയാളചലച്ചിത്ര മേഖലയിലെ തൊഴില്‍ ചൂഷണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണം. ഹേമ കമ്മിറ്റിയിലെ ശുപാര്‍ശകളുടെ പ്രായോഗികത സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.ആഭ്യന്തരം, സാംസ്‌കാരികം, തൊഴില്‍ വകുപ്പുകള്‍ ഈ റിപ്പോര്‍ട്ടിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കൊണ്ടുള്ള നടപടികള്‍ സ്വീകരിക്കാതിരുന്നത് നിര്‍ഭാഗ്യകരമാണ്.

ഇത് ആരെ സംരക്ഷിക്കാനും പ്രീതിപ്പെടുത്താനുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. സിനിമാ മേഖലയില്‍ നിന്നുള്ള വ്യക്തികള്‍ മന്ത്രിയും എംഎല്‍എയുമായുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഗുരുതരവും ഞെട്ടിക്കുന്നതുമായ കണ്ടെത്തലുകള്‍ നടത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും വര്‍ഷം പുറത്തുവിടാതിരുന്നതും ഒടുവില്‍ പുറത്തുവന്നപ്പോള്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതും ദൂരൂഹമാണെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Hema committee report: K.Sudhakaran said that the argument of not being able to file a case is to protect women oppressors.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.