എച്ച്.എല്‍.എല്‍ വില്‍പ്പന നീക്കണം ഉപേക്ഷിക്കണം: മുഖ്യന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ആരോഗ്യപരിപാലന മേഖലയില്‍ രാജ്യത്തിന് മികച്ച സംഭാവന നല്‍കുകയും തുടര്‍ച്ചയായി ലാഭമുണ്ടാക്കുകയും ചെയ്യുന്ന എച്ച്.എൽ.എല്‍ ലൈഫ് കെയര്‍ ( ഹിന്ദുസ്ഥാന്‍ ലാറ്റക്സ്) സ്വകാര്യ മേഖലക്ക് വില്‍ക്കാനുള്ള നീക്കം തടയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറുമായി ആലോചിക്കാതെ ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നത് അവിടെജോലി ചെയ്യുന്ന അയ്യായിരത്തിലധികം ജീവനക്കാരെ മാത്രമല്ല, സമൂഹത്തെയാകെ ബാധിക്കും. കേന്ദ്രസര്‍ക്കാറിന്‍റെ ജനസംഖ്യാനിയന്ത്രണ പരിപാടികള്‍ക്ക് നിര്‍ണായകമായ പിന്തുണ നല്‍കി വരുന്ന സ്ഥാപനമാണ് എച്ച്.എല്‍എല്‍.  കമ്പനിയുടെ വികസനവും അതു വഴി കൂടുതല്‍ പേര്‍ക്ക് തൊഴിലവസരവുമാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനിടയിലുണ്ടായ സ്വകാര്യവല്‍ക്കരണ നീക്കം ഉത്ക്കണ്ഠയുളവാക്കുന്നതാണ്.  

1966-ലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിരുവനന്തപുരത്ത് ഹിന്ദുസ്ഥാന്‍ ലാറ്റക്സ് സ്ഥാപിച്ചത്. ഗര്‍ഭനിരോധന ഉറകള്‍ നിര്‍മിക്കാനുള്ള അസംസ്കൃത സാധനമായ ലാറ്റക്സ് ആവശ്യത്തിന് ലഭിക്കും എന്നതാണ് കേരളത്തില്‍ ഈ ഫാക്ടറി വരാനുള്ള പ്രധാന കാരണം. സംസ്ഥാന സര്‍ക്കാര്‍ അതിന് എല്ലാ പിന്തുണയും നല്‍കി. കണ്ണായ സ്ഥലത്ത് 19 ഏക്ര ഭൂമി സൗജന്യമായി വിട്ടുകൊടുത്തു. കഴിഞ്ഞ അഞ്ചു ദശാബ്ദം കൊണ്ട് കമ്പനി നല്ല വളര്‍ച്ച നേടി. കര്‍ണാടകം, ഹരിയാണ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും എച്ച്എല്‍എല്‍ യൂണിറ്റുകള്‍ സ്ഥാപിച്ചു. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ പ്രധാന ആരോഗ്യപരിപാലന പരിപാടികളില്‍ പ്രധാന പങ്കാളിയായി കമ്പനി മാറി.  

പൊതുമേഖലയില്‍ നിലനിന്നതുകൊണ്ടാണ് ദേശീയ നയങ്ങള്‍ക്കനുസൃതമായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ കമ്പനിക്ക് കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം കണക്കിലെടുത്ത് സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Tags:    
News Summary - HHL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.