കോഴിക്കോട്: 'വിവാഹം കഴിച്ചയച്ചു' എന്ന കാരണം ചൂണ്ടിക്കാട്ടി സ്വന്തം നാട്ടിലെ വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടാനുള്ള നോട്ടീസ് ലഭിച്ചതിനെ കുറിച്ച് യുവതിയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോഴിക്കോട് കാരശ്ശേരി കക്കാട്ടെ കെ.സി. ഹിബ ഹാറൂനാണ് വിവാഹശേഷം പെൺകുട്ടികൾ പോലും അറിയാതെയുള്ള ഈ പേരുവെട്ടിമാറ്റൽ 'മഹായജ്ഞ'ത്തെ രൂക്ഷമായി വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.
പേര് വെട്ടാതിരിക്കാൻ തെളിവുകളുമായി നവംബർ ഏഴിന് കാരശ്ശേരി പഞ്ചായത്തിൽ ഹിയറിങ്ങിന് എത്തണമെന്ന തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസറുടെ കത്തും ഹിബ പങ്കുവെച്ചിട്ടുണ്ട്. അതിൽ പേര് വെട്ടണമെന്ന് ആവശ്യപ്പെട്ട് ആക്ഷേപകൻ കാണിച്ച കാരണമാണ് ബഹുരസം. 'വിവാഹം കഴിച്ചയച്ചു' എന്നാണ് ഒന്നാംനമ്പർ കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ പേരുവെട്ടിമാറ്റൽ 'മഹായജ്ഞം' നേരത്തെ കുറേ കണ്ടത് കൊണ്ട് ഇത്തവണ ബന്ധപ്പെട്ടവരെ മുൻകൂട്ടി പലവട്ടം അറിയിച്ചിരുന്നതായി ഹിബ പറയുന്നു. എന്നിട്ടും പതിവ് പോലെ നോട്ടീസ് വന്നു.
വിവാഹത്തോടെ പെണ്ണിൻറെ വീടും ഇടവും നാടും അഡ്രസ്സ് പോലും പറിച്ചുനടപ്പെടേണ്ടതാണ് എന്ന പൊതുബോധത്തിൻറെ പേര് 'നിയമം' എന്നല്ല; വിവാഹം 'കഴിച്ചയച്ചു' അല്ലെങ്കിൽ 'കെട്ടിച്ചുവിട്ടു' എന്ന പ്രയോഗങ്ങൾ പോലും പിതൃമേധാവിത്വത്തിൻ്റെ അധികാര ഭാഷയാണെന്ന് ഹിബ വ്യക്തമാക്കി.
വിവാഹം കഴിഞ്ഞ സ്ത്രീകളുടെ പേരുകൾ വോട്ടേഴ്സ് ലിസ്റ്റിൽനിന്നും തിരഞ്ഞു പിടിച്ച് ഒബ്ജക്റ്റ് ചെയ്യുന്ന പാർട്ടിക്കാർ പൗരാവകാശത്തിന് മേലാണ് യാതൊരു ഉളുപ്പുമില്ലാതെ കൈവെക്കുന്നത്.
ഹിബക്കെതിരെ ആക്ഷേപം ഉന്നയിച്ച ഒലേരു മണ്ണിൽ മുഹമ്മദ് ഷരീഫിനെ വിളിച്ച്, എന്തടിസ്ഥാനത്തിലാണ് പേര് ഒബ്ജക്റ്റ് ചെയ്തതെന്ന് ചോദിച്ചപ്പോൾ 'ഞാനൊന്നും അറിഞ്ഞില്ലേ' എന്ന മട്ടിലായിരുന്നുവത്രെ മറുപടി. അയാളുടെ പേരിൽ വേറാരോ ചെയ്തതാണെന്നാണ് പറഞ്ഞത്. വിവാഹം കഴിയാത്ത സഹോദരി നാജിയക്കും 'വിവാഹം കഴിച്ചയച്ചു' എന്ന കാരണം കാണിച്ചുകൊണ്ടുള്ള നോട്ടീസ് വന്നിട്ടുണ്ട്. വിവാഹം കഴിച്ചവരോ, ഉറപ്പിച്ചവരോ ഇനി അതല്ല വിവാഹപ്രായമെത്തിയവരോ ആയ പെൺകുട്ടികളുടെ പേരുകൾ കണ്ടാൽ ഞങ്ങൾ ഒബ്ജക്റ്റ് ചെയ്തിരിക്കും എന്നതാണ് ഇത്തരക്കാരുടെ ലൈനെന്ന് ഹിബ ആരോപിക്കുന്നു.
സ്വമേധയാ ഒരു സ്ത്രീ അവളുടെ പേര് തൻെറ പങ്കാളിയുടെ നാട്ടിലേക്ക് മാറ്റാത്തിടത്തോളം അവളുടെ പൗരാവകാശത്തിൻമേൽ കൈകടത്തരുതെന്നാണ് ഇത്തരക്കാരോട് ഇവർക്ക് പറയാനുള്ളത്. തങ്ങളുടെ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടല്ല നിങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ട് കൂട്ടേണ്ടതെന്നും ഹിബ പറയുന്നു.
'വിവാഹം കഴിച്ചയച്ചു' എന്ന കാരണത്താൽ, സ്വന്തം നാട്ടിലെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പേര് വെട്ടാനുള്ള പരാതിക്കടിസ്ഥാനമായി ഇന്നൊരു നോട്ടീസ് വീട്ടിലെത്തിയിട്ടുണ്ട്.
വിവാഹത്തോടെ ഒരു പെണ്ണിൻ്റെ വീടും, ഇടവും, നാടും, അഡ്രസ്സ് പോലും പറിച്ചുനടപ്പെടേണ്ടതാണ് എന്ന നിങ്ങളുടെ 'പൊതുബോധത്തിൻ്റെ' പേര് 'നിയമം' എന്നല്ല !! വിവാഹം 'കഴിച്ചയച്ചു' അല്ലെങ്കിൽ 'കെട്ടിച്ചുവിട്ടു' എന്ന നിങ്ങളുടെ പ്രയോഗങ്ങൾ പോലും 'പിതൃമേധാവിത്വത്തിൻ്റെ' അധികാര ഭാഷയാണ്!!
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ആര് ഭരിക്കണം എന്ന് വോട്ട് ചെയ്ത് തിരഞ്ഞെടുക്കാനുള്ള അവകാശം പോലെ, അതെവിടെ ചെയ്യണമെന്ന് തീരുമാനിക്കാനുമുള്ള അവകാശം പൗരന്മാർക്ക് ഇല്ലെന്നാണോ!!?? അങ്ങനൊരു തിരഞ്ഞെടുപ്പ് വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് പാടെ വേണ്ടെന്നാണോ??!! അതോ സ്ത്രീകളെ നിങ്ങളിനിയും പൗരന്മാരുടെ ഗണത്തിൽ പെടുത്തിയിട്ടില്ലെന്നാണോ!!!??
വിവാഹം കഴിഞ്ഞ ഞാനടക്കമുള്ള സ്ത്രീകളുടെ പേരുകൾ വോട്ടേഴ്സ് ലിസ്റ്റ്ൽനിന്നും തിരഞ്ഞു പിടിച്ച് ഒബ്ജക്റ്റ് ചെയ്യുന്ന പാർട്ടിക്കാരോടാണ്; നിങ്ങളെൻ്റെ പൗരാവകാശത്തിന് മേലാണ് യാതൊരു ഉളുപ്പുമില്ലാതെ കൈവെക്കുന്നത്. !!
വോട്ടേഴ്സ് ലിസ്റ്റ് പുതുക്കലും പേരുചേർക്കലും തുടങ്ങിയ നാളുമുതലെ നാട്ടിലെ BLO ഷാഹിതാത്തയെ വിളിച്ചു പറയുന്നതാണ് യാതൊരു കാരണവശാലും എൻ്റെ പേര് ചേർക്കാതിരിക്കരുതെന്ന്. വിവാഹശേഷം പെൺകുട്ടികൾ പോലും അറിയാതെയുള്ള ഈ പേരുവെട്ടിമാറ്റൽ 'മഹായജ്ഞം' മുന്നേ കുറെ കണ്ടത് കൊണ്ട് തന്നെയാണ് പലവട്ടം ഇക്കാര്യം ഓർമിപ്പിക്കേണ്ടി വന്നത്. എന്നിട്ടും പതിവ് പോലെ ആക്ഷേപം കാണിക്കൽ നോട്ടീസ് വന്നിരിക്കുന്നു.
ആക്ഷേപം ഉന്നയിച്ച ഒലേരു മണ്ണിൽ മുഹമ്മദ് ഷരീഫിനെ വിളിച്ച് എന്തടിസ്ഥാനത്തിലാണ് നിങ്ങളെൻ്റെ പേര് ഒബ്ജക്റ്റ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോ 'ഞാനൊന്നും അറിഞ്ഞില്ലേ' എന്ന മട്ട്! അയാളുടെ പേരിൽ വേറാരോ ചെയ്തതാണ് ; അങ്ങേർക്കിതൊന്നും അറിയില്ലെന്ന്!!! നാണമില്ലേ ഹേ!!!???
ഇത് മാത്രമല്ല; വിവാഹം കഴിയാത്ത എൻ്റെ സഹോദരി Ayisha Najiya KC നാജിയക്കും ഇതേ കാരണം കാണിച്ചുകൊണ്ടുള്ള നോട്ടീസ് വന്നിട്ടുണ്ട്. അപ്പോ കാര്യങ്ങൾ അങ്ങനെയാണ്; വിവാഹം കഴിച്ചവരോ , ഉറപ്പിച്ചവരോ ഇനി അതല്ല 'വിവാഹപ്രായമെത്തിയവരോ' ആയ പെൺകുട്ടികളുടെ പേരുകൾ കണ്ടാൽ ഞങ്ങൾ ഒബ്ജക്റ്റ് ചെയ്തിരിക്കും എന്നതാണ് ലൈൻ!!!
ഷരീഫിനോട് മാത്രമല്ല, ഈ കാരണം കാണിച്ചുകൊണ്ട് കാലങ്ങളായി പെൺകുട്ടികളുടെ അവകാശ നിഷേധത്തിനു കൂട്ട്നിൽക്കുന്ന എല്ലാവരോടും കൂടിയാണ്; നിങ്ങളുടെ നാട്ട്നടപ്പോ കീഴ്‌വഴക്കങ്ങളോ അല്ല ഇവിടുത്തെ നിയമവ്യവസ്ഥ. സ്വമേധയാ ഒരു സ്ത്രീ അവളുടെ പേര് തൻ്റെ പങ്കാളിയുടെ നാട്ടിലേക്ക് മാറ്റാത്തിടത്തോളം അവളുടെ പൗരാവകാശത്തിൻമേൽ കൈകടത്താൻ യാതൊരു നിയമവും നിങ്ങൾക്ക് അനുവാദം നൽകുന്നില്ല. എൻ്റെ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടല്ലാ നിങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ട് കൂട്ടേണ്ടത്.
എന്ന്,
(വിവാഹത്തോടെ അഡ്രസ്സും വാർഡും മാറ്റാൻ ഒട്ടും തയ്യാറല്ലാത്ത)
ഹിബ ഹാറൂൻ കെ. സി.
കക്കാടൻ ചാലിൽ, കക്കാട്,
കാരശ്ശേരി പി ഒ
മുക്കം, കോഴിക്കോട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.