കൊച്ചി: സർക്കാറിന്റെ ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. കോടതി സർക്കാറിനോട് വിശദീകരണം തേടിയിരിക്കുകയാണ്. ഹരജി തീർപ്പാക്കുംവരെ ഓർഡിനൻസ് നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി പരിഗണിച്ചില്ല.
പൊതുസേവകർ അഴിമതിക്കേസിൽ കുറ്റക്കാരെന്ന് കണ്ടാൽ അവരെ തൽസ്ഥാനത്തുനിന്ന് നീക്കാൻ ലോകായുക്തക്ക് അധികാരം നൽകുന്ന നിയമവ്യവസ്ഥ എടുത്തുകളയുന്നതാണ് ഓർഡിനൻസെന്നും ഇത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് നേമം സ്വദേശി ആർ.എസ്. ശശികുമാറാണ് ഹരജി നൽകിയിത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം അനുവദിക്കുന്നതിലടക്കം വിവേചനവും അധികാര ദുർവിനിയോഗവും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഹരജിക്കാരൻ ലോകായുക്തയിൽ നേരത്തേ പരാതി നൽകിയിരുന്നു. ഈ പരാതി അന്തിമ ഘട്ടത്തിലെത്തി നിൽക്കെയാണ് ഓർഡിനൻസ് കൊണ്ടുവന്നത്. ലോകായുക്തയുടെ ഉത്തരവുകൾ സ്വീകരിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുന്ന അപ്പീൽ അതോറിറ്റിയായി സർക്കാർ മാറുന്ന തരത്തിലാണ് ഓർഡിനൻസ്. ഇത് നീതി നിർവഹണത്തിലുള്ള ഇടപെടലും നിയമവിരുദ്ധവുമാണെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.