കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാഹനങ്ങളിലുള്ള അഭ്യാസം വിലക്കി ഹൈകോടതി. കഴിഞ്ഞ ദിവസം ഓണാഘോഷത്തിന്റെ മറവിൽ കോഴിക്കോട് ഫാറൂഖ്, കണ്ണൂര് കാഞ്ഞിരോട് നെഹ്റു കോളജുകളിലും റോഡിലും വാഹനങ്ങളിൽ നടന്ന അപകടകരമായ റോഡ് ഷോയുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് മേധാവിയും ഗതാഗത കമീഷണറും നടപടി ഉറപ്പ് വരുത്തണമെന്നും ഫാറൂഖ്, കണ്ണൂർ കോളജുകളിലെ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
റോഡ് ഷോ സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കോളജുകളിലെ ഓണാഘോഷത്തിനിടെയുള്ള വാഹന അഭ്യാസത്തിൽ ഹൈകോടതി ഇടപെട്ടത്. കോഴിക്കോട്, കണ്ണൂർ കോളജുകളിലെ സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് പരിശോധന നടത്താൻ കോടതി നിർദേശിച്ചു. വാഹനങ്ങൾ രൂപമാറ്റം വരുത്തിയിട്ടുണ്ടോയെന്ന് മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കണം. വാഹനത്തിൽ അഭ്യാസം നടത്തിയ വിദ്യാർഥികളുടെ വിവരങ്ങൾ കോടതിക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
സംഭവത്തിൽ നടപടി സ്വീകരിച്ചതായി പൊലീസും മോട്ടോർ വാഹന വകുപ്പും കോടതിയെ അറിയിച്ചു. വാഹനമോടിച്ചവരുടെ ലൈസൻസ് റദ്ദാക്കുന്ന കാര്യം പരിശോധിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചു. എട്ട് വാഹനം പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങളുടെ ഫോട്ടോയും കോടതിക്ക് കൈമാറി. വാഹന ഉടമക്കും ഡ്രൈവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ ഗതാഗത കമീഷണർ വിശദമായ റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ച കോടതി ഹരജി 27ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.