കൊച്ചി: നടൻ മോഹന്‍ലാല്‍ നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം സൂക്ഷിച്ചെന്ന കേസിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിന് ഹൈകോടതി രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം തേടി വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ സുരേന്ദ്ര കുമാർ നൽകിയ സത്യവാങ്മൂലം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ. കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നടപടി.
കേസിൽ മൂന്നാഴ്ചക്കകം വന്യ ജീവി സംരക്ഷണ അധികൃതർ പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജൂലായ് 29ന് കോടതി നിർദേശിച്ചിരുന്നു. കേസിനെ തുടർന്ന് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം വ്യക്തമാക്കി മോഹൻലാലിന് സർട്ടിഫിക്കറ്റ് നൽകിയതിനാൽ കേസിൽ തുടർ നടപടികളുണ്ടായിട്ടില്ല. കേസിന് നിയമപരമായ തീർപ്പും ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസിൽ കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാൻ ഉതകുന്ന വിധം കേസ് നിലനിൽക്കുന്ന കീഴ് കോടതിയിൽ റിപ്പോർട്ട് നൽകാൻ ഡിവിഷൻബെഞ്ച് ഉത്തരവിട്ടത്.
കോടതി ഉത്തരവിനെ തുടർന്ന് വനംവകുപ്പ് റേഞ്ച് ഒാഫീസർ ചില കാര്യങ്ങളിൽ വ്യക്തത തേടി മേലുദ്യോഗസ്ഥർക്ക് കത്തു നൽകിയിരുന്നതായി വനംവകുപ്പ് കോടതിയെ രേഖാമൂലം അറിയിച്ചു. ഇത് സർക്കാറിെൻറ പരിഗണനയിലാണ്. മറുപടി ലഭിച്ചാലുടൻ റിപ്പോർട്ട് നൽകാമെന്നും സർക്കാറിെൻറ അനുമതി ലഭിച്ചാൽ കേസ് പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്നും വനം വകുപ്പ് വ്യക്തമാക്കി. മോഹൻലാലിന് നിയമപരമായി ആനക്കൊമ്പുകൾ കൈവശം വെക്കാൻ സർട്ടിഫിക്കറ്റ് നൽകിയതു ചോദ്യം ചെയ്ത് ആലുവ ഉദ്യോഗമണ്ഡൽ സ്വദേശി എ. എ പൗലോസ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.