കൊച്ചി: കെ-ഫോൺ പദ്ധതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ ഹരജിയിലെ പൊതുതാൽപര്യമെന്തെന്ന് ഹൈകോടതി. ഹരജിക്ക് പിന്നിൽ പബ്ലിക് ഇന്ററസ്റ്റാണോ അതോ പബ്ലിസിറ്റി ഇന്ററസ്റ്റാണോ ഉള്ളതെന്ന് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
2019ൽ നിലവിൽവന്ന കരാർ പൊതുതാൽപര്യ ഹരജിയിലൂടെ ഇപ്പോൾ ചോദ്യംചെയ്യുന്നതിന്റെ കാരണമെന്താണെന്ന് ചോദിച്ച കോടതി, ഹരജി ഫയലിൽ സ്വീകരിക്കാതെതന്നെ സർക്കാറിന്റെ വിശദീകരണം തേടി. അതേസമയം, ഹരജിയിൽ ലോകായുക്തക്കെതിരെ നടത്തിയ പരാമർശത്തിൽ ഹരജിക്കാരനെ വിമർശിക്കുകയും ചെയ്തു.
ചട്ടം ലംഘിച്ചാണ് പദ്ധതിക്ക് കരാർ നൽകിയതെന്നും സർക്കാറിനെ നിയന്ത്രിക്കുന്നവരുമായി ബന്ധമുള്ള കമ്പനികൾക്കാണ് കരാർ അനുവദിച്ചതെന്നതുമടക്കം ചൂണ്ടിക്കാട്ടിയാണ് സതീശൻ ഹരജി നൽകിയത്. ഇക്കാര്യങ്ങളിൽ സി.ബി.ഐ അന്വേഷണം വേണമെന്നും നടത്തിപ്പ് സംബന്ധിച്ച അന്വേഷണത്തിന് ഹൈകോടതിയുടെ മേൽനോട്ടം വേണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ ടെൻഡറിൽ അപാകതകളുണ്ടെന്ന് ഈ ഘട്ടത്തിൽ ഹരജിക്കാരൻ അഭിഭാഷകൻ മുഖേന ചൂണ്ടിക്കാട്ടി. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് വന്നശേഷം മറ്റ് തെളിവുകൾ ഹാജരാക്കാമെന്നും വ്യക്തമാക്കി.
എങ്കിൽ റിപ്പോർട്ട് കിട്ടിയിട്ട് ഹരജി പരിഗണിച്ചാൽ പോരേയെന്ന് കോടതി ചോദിച്ചു. തുടർന്ന് രേഖകൾ പരിശോധിച്ചശേഷം ഉചിതമായ തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയ കോടതി ഹരജി മാറ്റുകയായിരുന്നു.
ലോകായുക്തയെക്കൊണ്ട് കാര്യമില്ലെന്നും സമീപിച്ചിട്ട് പ്രയോജനമില്ലെന്നുമായിരുന്നു സതീശന്റെ ഹരജിയിലെ പരാമർശം. എന്നാൽ, ഇത്തരമൊരു പരാമർശം ഹരജിയിൽ ഉൾപ്പെടുത്തിയത് ശരിയായ നടപടിയല്ലെന്നും ഉത്തരവാദപ്പെട്ട രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഇത്തരം പരാമർശങ്ങൾ അനുചിതമാണെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.