കൊച്ചി: സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന വിലക്ക് തന്നെ കെ.എസ്.ആർ.ടി.സിക്കും എണ്ണക്കമ്പനികൾ ഹൈസ്പീഡ് ഡീസൽ നൽകണമെന്ന് ഹൈകോടതി. വൻകിട ഉപഭോക്താവെന്ന പേരിൽ കെ.എസ്.ആർ.ടി.സിയിൽനിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നത് ഏത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലായാലും പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് പെട്രോളിയം കമ്പനികൾക്ക് കോടതി ഈ നിർദേശം നൽകിയത്.
എണ്ണക്കമ്പനികൾ ഡീസലിന് ഉയർന്നവില വാങ്ങുന്നതിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്‍റെ ഇടക്കാല ഉത്തരവ്. ഈ ഉത്തരവ് ഹരജിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയ കോടതി, കേന്ദ്രസർക്കാറിനും എണ്ണക്കമ്പനികൾക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടു.
വൻകിട ഉപഭോക്താവെന്ന പേരിൽ ഫെബ്രുവരി മുതൽ ഡീസലിന് ഉയർന്ന വില ഈടാക്കുന്നുവെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ ആരോപണം. സ്വകാര്യ റീട്ടെയിൽ കമ്പനികൾക്ക് ഒരു ലിറ്റർ ഹൈസ്പീഡ് ഡീസൽ 91.72 രൂപക്ക് നൽകുമ്പോൾ കെ.എസ്.ആർ.ടി.സിയിൽനിന്ന് 121.35 രൂപയാണ് ഈടാക്കിയിരുന്നത്. കെ.എസ്.ആർ.ടി.സിയുടെ 72 പമ്പിലേക്കാണ് ഡീസൽ നൽകിയിരുന്നത്.
300 - 400 കിലോ ലിറ്റർ ഡീസലാണ് ഒരു ദിവസം കെ.എസ്.ആർ.ടി.സിക്ക് വേണ്ടത്. ഉയർന്ന വില നൽകേണ്ടി വരുമ്പോൾ പ്രതിദിനം 83 ലക്ഷത്തിന്‍റെ നഷ്ടമുണ്ടാകുമെന്നും ഹരജിയിൽ പറഞ്ഞു. പൊതുമേഖല സ്ഥാപനത്തിന് സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കൂടിയ വിലയ്ക്ക് ഡീസൽ നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.എസ്.ആർ.ടി.സിക്കുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകർ ദുഷ്യന്ത് ദവെ വാദിച്ചു.
അതേസമയം, ഡീസൽ വില നിർണയത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്നായിരുന്നു പെട്രോൾ കമ്പനിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ പരാഗ് പി. ത്രിപാഠിയുടെ വാദം. അമിത തുകയാണ് കെ.എസ്.ആർ.ടി.സി.യിൽനിന്ന് ഈടാക്കുന്നതെന്ന് കോടതിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.