കൊച്ചി: സിൽവർലൈൻ പദ്ധതി സർവേ തടഞ്ഞ് സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഹൈകോടതി ഡിവിഷൻബെഞ്ച് റദ്ദാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനത്തിന് സർവേ നടത്താനും ഭൂമി അടയാളപ്പെടുത്താനും മതിയായ അധികാരം സംസ്ഥാന സർക്കാറിനുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ഷാജി പി. ചാലി എന്നിവർ അടങ്ങിയ ഡിവിഷൻബെഞ്ച് വിലയിരുത്തി.
സർവേ നിയമപ്രകാരമല്ലെന്നാരോപിച്ച് കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഭൂവുടമകൾ നൽകിയ ഹരജികൾ പരിഗണിച്ച സിംഗിൾബെഞ്ച്, ഇവരുടെ ഭൂമിയിൽ സർവേ തടഞ്ഞ് ജനുവരി 20നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സർവേ കല്ലുകളായി കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുന്നതും സർവേ നടത്തുന്നതും ഹരജിയിൽ ചോദ്യം ചെയ്തിരുന്നു.
ഇടക്കാല ഉത്തരവിലൂടെ സർവേ തടഞ്ഞ സിംഗിൾബെഞ്ച് നടപടി, പദ്ധതി നടത്തിപ്പിനെ ബാധിക്കുമെന്ന് വ്യക്തമാക്കി സർക്കാർ സമർപ്പിച്ച അപ്പീലടക്കം ഹരജികളാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് വ്യവസ്ഥകളനുസരിച്ച് ഏതെങ്കിലും പൊതുആവശ്യത്തിന് ഭൂമി ഏറ്റെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ സർവേ നടത്താൻ സർക്കാറിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
സാമൂഹികാഘാത പഠനത്തിന് സർവേ നടത്താനും പദ്ധതിക്കുള്ള സ്ഥലമെടുപ്പിനും വ്യത്യസ്ത വ്യവസ്ഥകളാണ് നിയമത്തിൽ പറയുന്നത്. എത്ര ഭൂമി ഏറ്റെടുക്കേണ്ടി വരും, ഇതിൽ സ്വകാര്യ ഭൂമി എത്ര, എത്ര കുടുംബങ്ങളെ പദ്ധതി ബാധിക്കും തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ സർവേ ആവശ്യമാണ്. നിയമപ്രകാരം സർവേ കല്ലുകളായി നിശ്ചിത മാതൃകയിലുള്ള കരിങ്കല്ലുകളാണ് സ്ഥാപിക്കേണ്ടതെന്നായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാൽ, സർവേ കല്ലായി സാധാരണ കരിങ്കല്ലാണ് ഉപയോഗിക്കുന്നത് എന്നല്ലാതെ ഇതുതന്നെ വേണമെന്ന് നിയമത്തിൽ കർശനമായി പറഞ്ഞിട്ടില്ലെന്ന് അപ്പീലിൽ സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ അറിയിച്ചു. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് സാമൂഹികാഘാത പഠനം നടത്തേണ്ടതുണ്ട്. ഇതിനുള്ള സർവേയാണ് നടത്തുന്നത്. കേന്ദ്ര സർക്കാറുമായി കൂടിയാലോചിച്ചും നിയമപ്രകാരമുള്ള മറ്റു വ്യവസ്ഥകൾ പാലിച്ചുമല്ലാതെ ഭൂമി ഏറ്റെടുക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
സാമൂഹികാഘാത പഠനം എന്നത് വെറും ചടങ്ങായി കാണാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുജനത്തിന് വിശദാംശങ്ങൾ അറിയാൻ അവകാശമുണ്ട്. അതിന്‍റെ ഭാഗമായാണ് സർവേ. സാമൂഹികാഘാത പഠനം നടന്നാലും പദ്ധതി ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന നില വന്നാൽ സ്ഥലമെടുപ്പ് നടപടികൾ നിർത്തിവെക്കാനാവും. സാമൂഹികാഘാത പഠനത്തിന് ശേഷവും 2013ലെ കേന്ദ്ര നിയമപ്രകാരം സ്ഥലമെടുപ്പുമായി മുന്നോട്ടുപോകാൻ ഒട്ടേറെ വ്യവസ്ഥകൾ വേറെയും പാലിക്കേണ്ടതുണ്ട്. അതിനാൽ, സ്ഥലമെടുപ്പിനാണ് സർവേ നടത്തുന്നതെന്ന ഹരജിക്കാരുടെ ആശങ്ക അപക്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കെ-റെയിൽ കേന്ദ്രഭരണ പ്രദേശമായ മാഹിയിലൂടെ കടന്നുപോകുന്നുണ്ടെന്നും ഒന്നിലേറെ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ കേന്ദ്ര സർക്കാറാണ് ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിക്കേണ്ടതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, പദ്ധതിക്ക് മാഹിയിലെ ഭൂമി ആവശ്യമില്ലെന്നും ഇത്തരമൊരു എതിർപ്പ് കേന്ദ്ര സർക്കാർ ഉന്നയിച്ചിട്ടില്ലെന്നുമായിരുന്നു സംസ്ഥാന നിലപാട്.
സംസ്ഥാനത്തിനകത്ത് മാത്രമാണ് പദ്ധതി നടപ്പാക്കുന്നതെന്നതിനാൽ 1989ലെ റെയിൽവേ നിയമവും ഈ ഘട്ടത്തിൽ ബാധകമല്ലെന്ന് വ്യക്തമാക്കിയ കോടതി, തുടർന്ന് സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കുകയായിരുന്നു. അതേസമയം, ഈ നിരീക്ഷണങ്ങളും കണ്ടെത്തലുകളും അപ്പീൽ ഹരജിയുമായി ബന്ധപ്പെട്ട് മാത്രമുള്ളതാണെന്നും പ്രധാന ഹരജി തീർപ്പാക്കാൻ ഇവ പരിഗണിക്കേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.