കൊച്ചി: കാട്ടുപന്നികൾ വ്യാപക കൃഷി നാശമുണ്ടാക്കുന്ന മേഖലയിൽ കൊല്ലാൻ കർഷകർക്ക് വൈൽഡ് ലൈഫ് ചീഫ് വാർഡൻ അനുമതി നൽകണമെന്ന് ഹൈകോടതി. കാട്ടുപന്നി ശല്യത്തിനെതിരായ നടപടി ഫലപ്രദമാകാത്ത സാഹചര്യവും കർഷകർ നേരിടുന്ന ഭീഷണിയും വിലയിരുത്തിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിന്റെ ഉത്തരവ്. കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നുവെന്നും വന്യജീവി ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികൾ ഫലംകാണുന്നില്ലെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരുകൂട്ടം കർഷകർക്ക് അനുമതി നൽകാനാണ് ഇടക്കാല ഉത്തരവിലെ നിർദേശം.
കാട്ടുപന്നി ശല്യം രൂക്ഷമായിടങ്ങളിൽ വന്യജീവി സംരക്ഷണ നിയമം 62ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്നായിരുന്നു ഹരജി. വന്യജീവികൾ ജീവനും കൃഷിയടക്കം സ്വത്തിനും ഭീഷണിയാവുന്നിടങ്ങളിൽ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചാൽ അവയെ നശിപ്പിക്കാൻ കർഷകർക്ക് സാധിക്കുമെന്ന് 2020 നവംബറിൽ സംസ്ഥാന സർക്കാർ കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന് മുമ്പാകെ ഉന്നയിച്ചിരുന്നതായി ഹരജിയിൽ പറയുന്നു. എന്നാൽ, പഞ്ചായത്തീരാജ് നിയമ പ്രകാരമുള്ള നടപടികളിലൂടെ ശല്യം പരിഹരിക്കാനുള്ള നിർദേശത്തോടെ മടക്കി. ഈ വർഷം വീണ്ടും ആവശ്യമുന്നയിച്ച് സർക്കാർ കത്തയച്ചിട്ടുണ്ട്.
വന്യജീവി സംരക്ഷണ നിയമത്തിലെ 11(1)(ബി) വകുപ്പ് പ്രകാരം എവിടെയെങ്കിലും വന്യജീവികൾ മനുഷ്യജീവനോ കാർഷിക വിളകളടക്കം സ്വത്ത് മുതലുകൾക്കോ നാശം വരുത്തുന്നുണ്ടെന്ന് ബോധ്യമായാൽ ആ മേഖലയിൽ ആ വന്യമൃഗങ്ങളെ ഒറ്റക്കോ കൂട്ടായോ വേട്ടയാടാൻ അവിടത്തെ തമാസക്കാർക്ക് രേഖാമൂലം അനുമതി നൽകാമെന്നാണ് സർക്കാർ നിലപാടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമീപവാസികൾക്ക് കാട്ടുപന്നി വലിയ ശല്യമായതിനാൽ സർക്കാർതന്നെ അവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിർദേശം. ഒരുമാസത്തിനകം നടപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.