അട്ടപ്പാടിയിലെ രാമിക്കും രങ്കിക്കും സംരക്ഷണം നൽകണമെന്ന് ഹൈകോടതി

കോഴിക്കോട് : അട്ടപ്പാടിയിലെ വെള്ള കുളം ഊരിലെ രാമിക്കും രങ്കിക്കും സംരക്ഷണം നൽകണമെന്ന് ഹൈകോടതി. ഹരജിക്കായ ആദിവാസികളുടെ ജീവന് എന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ, അവർക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്നാണ് ഹൈകോടതി ഉത്തരവ്. ഹരജിക്കാരായ രാമിയും രങ്കിയും താമസിക്കുന്ന പ്രദേശത്ത് ക്രമസമാധാനപാലനം ഉറപ്പാക്കണമെന്നും ജഡ്ജി ബസന്ത് ബാലാജി ഉത്തരവിൽ വ്യക്തമാക്കി.

അഗളി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട്, ഷോളയൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർക്കാണ് കോടതി നിർദേശം നൽകിയത്.  ആദിവാസി ഭൂമി കൈയറുന്നവർ കോയമ്പത്തൂർ ചിന്നത്തടകം സ്വദേശി മുതമ്മാൾ, കോയമ്പത്തൂർ സ്വദേശി സദാനന്ദ് രങ്കരാജ് എന്നിവരാണെന്ന് ആദിവാസികൾ ഹരജിയിൽ ചൂണ്ടിക്കാട്ടി.

അട്ടപ്പാടി കടമ്പാറയിൽ 11 ഏക്കറോളം ഭൂമിക്ക് രാമിയും രങ്കിയും നികുതി അടച്ചിട്ടുണ്ടെന്ന് അവർ പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയുടെ ഭൂമി കൈയേറാൻ ചിലർ ശ്രമം നടത്തി. ആദിവാസികൾ എതിർത്തുവെങ്കിലും മണ്ണുമാന്തി യന്ത്രവുമായി വന്നു ഭൂമി കൈയേറ്റം നടത്തിയിരുന്നു. കോടതി ഉത്തരവുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ആദിവാസി ഭൂമി കൈയേറിയത്. സദാനന്ദ് രങ്കരാജ് ഉൾപ്പടെയുള്ള സംഘം ആദിവാസി ഭൂമി കൈയേറ്റം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന്ചൂണ്ടിക്കാട്ടി ആദിവാസികൾക്കു വേണ്ടി അഡ്വ. കെ.ആർ. അനീഷാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.

ഈ ഹരജിയിലാണ് കോടതി അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവന് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ടത്. അട്ടപ്പാടിയുടെ ചരിത്രത്തിൽ ആദിവാസികൾ അപൂർവമായിട്ടാണ് കോടതിയെ സമീപിക്കാറ്. ഒറ്റപ്പാലം സബ് കലക്ടർക്കെതിരെയും ആദിവാസികളുടെ നേരത്തെ പാലക്കാട് കലക്ടർക്കും പരാതി നൽകിയിരുന്നു. ആദിവാസികൾ ചുമതലപ്പെടുത്തിയ അഡ്വ. ദിനേശ് ഒറ്റപ്പാലം സബ് കലക്ടർ ഓഫിസിൽ ഹാജരായെങ്കിലും വക്കാലത്ത് സ്വീകരിക്കാനോ ആദിവാസികളുടെ ഭാഗം കേൾക്കാനോ സബ് കലക്‌ടർ തയാറായില്ലെന്നാണ് പരാതിയിൽ ആരോപിച്ചത്. അട്ടപ്പാടി കടമ്പാറ ഊരിലെ  ഭൂമി കൈയേറുന്നത് സംബന്ധിച്ച് 'മാധ്യമം ഓൺലൈൻ' വാർത്തയെ തുടർന്നാണ് ആദിവാസികൾ ഹൈകോടതിയെ സമീപിച്ചത്. 

Tags:    
News Summary - High Court to provide protection to Rami and Ranki of Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.