മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നിയമനം ഹൈകോടതി ശരിവെച്ചു

കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നിയമനം ഹൈകോടതി ഡിവിഷൻബെഞ്ച് ശരിവെച്ചു. എ.ബി. പ്രദീപ് കുമാറിന്‍റെ നിയമനം അസാധുവാക്കി വീണ്ടും ഇന്റർവ്യൂ നടത്താനുള്ള സിംഗ്ൾ ബെഞ്ച് വിധി റദ്ദാക്കിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. ചെയർമാനായി പ്രദീപ് കുമാറിനെ 2020 ആഗസ്റ്റ് 21ന് നിയമിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ. എസ്. ഗോവിന്ദൻ നായർ നൽകിയ ഹരജിയിലാണ് 2020 നവംബർ 28ന് നിയമനം റദ്ദാക്കി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവുണ്ടായത്.

23 അപേക്ഷകൾ ലഭിച്ചതിൽ ഹരജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇൻറർവ്യൂവിന് വിളിച്ചതെന്നായിരുന്നു ആരോപണം. മതിയായ യോഗ്യതയുള്ളവരെ ഇൻറർവ്യൂ നടത്താതെ ഒഴിവാക്കാൻ സെലക്ഷൻ കമ്മിറ്റിക്ക് അധികാരമില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നുമുള്ള വാദം ശരിവെച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. എന്നാൽ, മതിയായ യോഗ്യതയുള്ളവരെ ഇൻറർവ്യൂ ചെയ്ത് ഏറ്റവും യോഗ്യതയുള്ളയാളെ നിയമിക്കുകയായിരുന്നെന്ന് കാട്ടി സർക്കാർ അപ്പീൽ നൽകുകയായിരുന്നു. നിയമനത്തിന് മതിയായ യോഗ്യതയുള്ളവർ ധാരാളമുണ്ടെന്ന് കണ്ടാൽ എണ്ണം കുറക്കാൻ നിശ്ചിത മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിൽ അപാകതയില്ലെന്നായിരുന്നു സർക്കാർ വാദം. പ്രദീപ് കുമാർ യോഗ്യതയില്ലാത്തയാളാണെന്ന് ഹരജിക്കാരനും പരാതിയില്ലെന്നും ചൂണ്ടിക്കാട്ടി.

ചുരുക്കപ്പട്ടിക ഉണ്ടാക്കാൻ മാനദണ്ഡം ഏർപ്പെടുത്തിയ സെലക്ഷൻ കമ്മിറ്റിയുടെ നടപടിയിൽ തെറ്റില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുഭാഷ് ചന്ദർ മർവ കേസിൽ സുപ്രീംകോടതി ഇത്തരം നടപടികൾ ശരിവെച്ചിട്ടുണ്ട്. വിവിധ ഘടകങ്ങൾ വിലയിരുത്തിയുള്ള പരിശോധനയിൽ ഹരജിക്കാരനെക്കാൾ സ്കോർ പ്രദീപ് കുമാറിന് ലഭിച്ചതായും കോടതി വിലയിരുത്തി. തുടർന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി നിയമനം ശരിവെച്ചത്.

Tags:    
News Summary - High Court upholds appointment of Pollution Control Board Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.