സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ സമാന തസ്തികകൾ ഒറ്റ യൂനിറ്റാക്കി പരിഗണിച്ചുള്ള അധ്യാപക നിയമനങ്ങൾ റദ്ദാക്കിയ ഹൈകോടതി വിധി ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കും. വിധി 'കേരള'യിലെ നിയമനങ്ങൾക്കെതിരെയാണെങ്കിലും മറ്റ് സർവകലാശാലകളിൽ 2014ന് ശേഷം വിജ്ഞാപനം ചെയ്ത് നടത്തിയ അധ്യാപക നിയമനങ്ങളെയും പ്രതികൂലമായി ബാധിക്കും.
ഒറ്റ തസ്തികകളിൽ സംവരണം പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ മറവിൽ സംസ്ഥാനത്തെ സർവകലാശാലകളിൽ നടന്നുവന്നിരുന്ന സംവരണ അട്ടിമറിക്ക് തടയിട്ടാണ് വിവിധ പഠന വകുപ്പുകളിലെ സമാന തസ്തികകൾ ഒറ്റ യൂനിറ്റാക്കി പരിഗണിച്ച് നിയമനം നടത്താൻ സർക്കാർ നിയമനിർമാണം നടത്തിയത്. അതുവരെയും ഒാരോ പഠന വകുപ്പും ഒരു യൂനിറ്റും സംവരണക്രമവും നിശ്ചയിച്ചായിരുന്നു നിയമനം.
2014ൽ സർവകലാശാല നിയമങ്ങളിൽ ഭേദഗതി വരുത്തി സമാന തസ്തികകൾ ഒന്നിച്ചെടുത്ത് സംവരണ ക്രമം നിശ്ചയിച്ച് നിയമനം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം വിവിധ പഠന വകുപ്പുകളിൽ ഒഴിവുവരുന്ന അസിസ്റ്റൻറ് പ്രഫസർ തസ്തിക ഒന്നിച്ച് പരിഗണിച്ച് സംവരണക്രമം നിശ്ചയിച്ച് നിയമനം നടത്താമായിരുന്നു. ഇതേ രീതിയിൽ തന്നെ അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലും നിയമനത്തിന് വഴി തുറന്നിരുന്നു. മിക്ക പഠന വിഭാഗങ്ങളിലും പ്രഫസർ തസ്തിക ഒന്ന് മാത്രമായതിനാൽ ഇവയിൽ സംവരണ വിഭാഗങ്ങൾക്ക് നിയമനം ലഭിക്കാറില്ലായിരുന്നു. ഏക തസ്തികകളിൽ സംവരണം പാടില്ലെന്ന സുപ്രീംകോടതി വിധിയുടെ മറപിടിച്ചായിരുന്നു ഇൗ സംവരണ അട്ടിമറി. 2014ലെ നിയമനിർമാണത്തിലൂടെ വിവിധ പഠന വകുപ്പുകളിലെ ഒഴിവുള്ള പ്രഫസർ തസ്തികകൾ ഒന്നിച്ചെടുത്ത് സംവരണം നിശ്ചയിക്കാൻ വ്യവസ്ഥയായി. ഇതോടെ, 'കേരള'യിൽ ഉൾപ്പെടെ ഒേട്ടറെ പ്രഫസർ തസ്തികകളിൽ സംവരണ സമുദായങ്ങൾക്ക് നിയമനത്തിന് വഴി തുറന്നു.
2014ലെ നിയമനിർമാണത്തിലൂടെ മറ്റ് സർവകലാശാലകളിലെല്ലാം പഠന വകുപ്പ് തിരിച്ചുള്ള സംവരണത്തിനു പകരം സമാന തസ്തികകൾ ഒന്നിച്ചെടുത്തുള്ള സംവരണം നടപ്പാക്കി. 2014ന് ശേഷം വിജ്ഞാപനം ചെയ്ത് നടത്തിയ നിയമനങ്ങളെല്ലാം ഇൗ രീതിയിലാണ്. പഠന വകുപ്പ് തിരിച്ചുള്ള സംവരണമാണ് വേണ്ടതെന്നും സർവകലാശാല ഒറ്റ യൂനിറ്റായി പരിഗണിച്ചുള്ള നിയമനം തെറ്റാണെന്നുമുള്ള ഹൈകോടതി വിധി മറ്റ് സർവകലാശാലകളിലെ നിയമനങ്ങളെയും അനിശ്ചിതത്വത്തിലാക്കും. നിയമസഭ പാസാക്കിയ 2014ലെ സർവകലാശാല നിയമത്തിെൻറ (രണ്ടാം ഭേദഗതി) നിലനിൽപിനെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഹൈകോടതി വിധി. കേരളയിൽ മാത്രം 58 അധ്യാപക നിയമനങ്ങൾ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. 105 അധ്യാപക തസ്തികകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. കണ്ണൂർ, കാലിക്കറ്റ്, എം.ജി, കാലടി, നുവാൽസ് സർവകലാശാലകളിലെ നിയമനങ്ങളെയും വിധി ബാധിക്കും.
തിരുവനന്തപുരം: അധ്യാപക നിയമനങ്ങൾ റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കേരള സർവകലാശാല വൈസ്ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ള. സാമൂഹിക നീതി ഉറപ്പുവരുത്തുന്ന രീതിലുള്ള സംവരണക്രമം നിശ്ചയിച്ചുള്ള നിയമനങ്ങളാണ് സർവകലാശാലയിൽ നടത്തിയതെന്നും വി.സി 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.