പൊലീസ് ആസ്ഥാനത്ത് നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിജിപി അനിൽ കാന്ത് സംസാരിക്കുന്നു

പോളിഷിങ്ങിനൊരുങ്ങി പൊലീസ്​; ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പൊലീസ് ആസ്ഥാനത്ത് തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം പൊലീസ് ആസ്ഥാനത്ത് ആരംഭിച്ചു. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവിമാരും വിവിധ വിഭാഗങ്ങളിലെ എസ്.പിമാരും ഡി.ഐ.ജിമാരും ഐ.ജിമാരും എ.ഡി.ജി.പിമാരും പങ്കെടുക്കുന്നുണ്ട്. പൊലീസിന്‍റെ നടപടികൾക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും നിരന്തരം വിമർശനമുയരുന്ന സാഹചര്യത്തിലാണ്​ ആസ്​ഥാനത്തെ യോഗം. കോവിഡ്​ വ്യാപനം തുടങ്ങിയ ശേഷം ആദ്യമായാണ് ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥർ യോഗം ചേരുന്നത്​.​ 

പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ പകരുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കാനാണ് യോഗം സംഘടിപ്പിക്കുന്നതെന്ന് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. പൊലീസിന്‍റെ ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും അവരുടെ പരാതികളിന്‍മേല്‍ എത്രയുംവേഗം നടപടി കൈക്കൊള്ളാനും പ്രത്യേകം ശ്രദ്ധിക്കണം. ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണം. പോക്സോ കേസുകളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണം. കോടതികള്‍ക്ക് മുമ്പാകെയുള്ള കേസുകളില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനുള്ള നടപടികള്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സ്വീകരിക്കണം. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണം. രാവിലെയും വൈകുന്നേരവും കൂടാതെ രാത്രിയും പൊലീസ് പട്രോളിംഗ് സജീവമാക്കണം. ഓണ്‍ലൈനില്‍ ലഭിക്കുന്ന പരാതികളില്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.


Tags:    
News Summary - high level meeting starts at police HQ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.