തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്ന സമയത്ത് എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ നടത്താനുള്ള തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. ഇതിനനുസരിച്ച് സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിൾ പുനഃക്രമീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷ ഉച്ചകഴിഞ്ഞാണ് നടത്തുക. മാർച്ച് 14ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവൃത്തി പരിചയ പരീക്ഷ മാർച്ച് 16ലേക്കും 16ലെ എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പരീക്ഷ 14ലേക്കും മാറ്റി. മാർച്ച് 27ലെ ഒമ്പതാം ക്ലാസ് പരീക്ഷ രാവിലെയാണ് നടത്തുക. ഹൈസ്കൂളുകളോട് ചേർന്നല്ലാതെ പ്രവർത്തിക്കുന്ന എൽ.പി, യു.പി സ്കൂളുകളിൽ മാർച്ച് 18 മുതൽ നിശ്ചയിച്ച പരീക്ഷകൾ മാർച്ച് 15ന് ആരംഭിക്കും.
ഹൈസ്കൂളുകളോട് ചേർന്നുള്ള എൽ.പി, യു.പി സ്കൂളുകളിലെ പരീക്ഷ ടൈംടേബിളിൽ മാറ്റമില്ല. മാർച്ച് അഞ്ച് മുതലാണ് പരീക്ഷ. ഇൻഡിപെൻഡന്റ് എൽ.പി, യു.പി അധ്യാപകരെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് സർക്കുലറിലുണ്ട്. എൽ.പി, യു.പി ചേർന്നുള്ള ഹൈസ്കൂളുകളിൽ ഒന്നു മുതൽ ഒമ്പത് വരെയുള്ള പരീക്ഷക്ക് ഹയർ സെക്കൻഡറി ഉൾപ്പെടെ മുഴുവൻ ക്ലാസ് മുറികളും ഉപയോഗിക്കാം. ഹയർ സെക്കൻഡറി പരീക്ഷ സമയത്തുതന്നെ എട്ട്, ഒമ്പത് ക്ലാസുകൾക്ക് വാർഷിക പരീക്ഷ നിശ്ചയിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.