തിരുവനന്തപുരം: കോടതിയുടെ ഉൾപ്പെടെ വിമർശനങ്ങൾക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെയും കനത്ത സുരക്ഷയൊരുക്കി പൊലീസ്. നാട്ടുകാരെ വഴിയിൽ തടഞ്ഞായിരുന്നു സുരക്ഷയൊരുക്കൽ. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ വേണ്ടി മകന് മരുന്ന് വാങ്ങാന്‍ പോയ പിതാവിനെ തടയുകയും സുരക്ഷാ വാഹനം അമിതവേഗത്തിൽ ചീറിപ്പാഞ്ഞതിന് കോടതി വിശദീകരണം തേടുകയും ചെയ്ത സംഭവങ്ങൾ വിവാദമായിട്ടും അതൊന്നും വകവെക്കാത്ത മട്ടിലായിരുന്നു ക്രമീകരണങ്ങൾ. കരിങ്കൊടി പ്രതിഷേധങ്ങൾ തടയാനായി മുക്കിനുമുക്കിന് പൊലീസുകാരെയും വിന്യസിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനായി തലസ്ഥാനത്തെ സിഗ്നൽ ലൈറ്റുകൾ ഓഫാക്കുന്നതും വാഹനങ്ങൾ തടയുന്നതും പതിവായിരുന്നു. ഇന്നലെ രാവിലെ ഇത് കടുപ്പിച്ചു. ക്ലിഫ്ഹൗസിൽ നിന്ന് സെക്രട്ടറിമാരുടെ യോഗം നടന്ന മാസ്കറ്റ് ഹോട്ടലിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രക്കായി മറ്റ് വാഹനങ്ങൾ തടഞ്ഞിട്ടു. ഇതോടെ, പല വഴികളിലും വാഹനയാത്രികർ കുടുങ്ങി. ഈസമയം സെക്രട്ടേറിയറ്റിനു മുന്നിൽ യു.ഡി.എഫിന്റെ രാപ്പകൽ സമരം നടക്കുകയായിരുന്നു. റോഡിൽ കസേരകൾ നിരത്തി സമരക്കാർ ഇരുന്നതോടെ ഗതാഗതം സ്തംഭിച്ചു.
ഇതോടെ, മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ജനം നരകിക്കുന്നത് സംബന്ധിച്ച് ദൃശ്യമാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വാർത്തയായി. സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയാകട്ടെ, ഉച്ച കഴിഞ്ഞ് ഏതാണ്ട് മൂന്നുമണി വരെ ഹോട്ടലിലുണ്ടായിരുന്നു. തുടർന്ന്, അദ്ദേഹം പുറത്തേക്കിറങ്ങിയപ്പോൾ സുരക്ഷാ ക്രമീകരണങ്ങളിൽ ചെറിയ കുറവ് വന്നു. വിമർശനങ്ങളെ തുടർന്നാണ് ഇതെന്നാണ് അനുമാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.