കൊച്ചി: മദ്യവിൽപനശാലകൾക്ക് മുന്നിൽ മുമ്പുണ്ടായിരുന്ന തിരക്ക് തുടരാൻ അനുവദിച്ചിരുന്നെങ്കിൽ വലിയ ദുരന്തം വിതക്കുന്ന ടൈം ബോംബായി മാറുമായിരുന്നെന്ന് ഹൈകോടതി. തിരക്ക് നിയന്ത്രിക്കാനുള്ള കോടതിയുടെ ഇടപെടൽ കോവിഡ് മൂന്നാം തരംഗത്തെ നിയന്ത്രിക്കാൻ സഹായകരമായിട്ടുണ്ട്. ഇക്കാര്യം സർക്കാർ പറഞ്ഞില്ലെങ്കിലും കോടതിക്ക് ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. മദ്യഷാപ്പുകൾക്ക് മുന്നിൽ ഇപ്പോഴും നീണ്ടവരിയുണ്ട്. ഇതു പരിഹരിക്കുന്നതിൽ വീഴ്ചയുണ്ടാകരുതെന്നും സർക്കാറിനെ ഓർമിപ്പിച്ചു. ബിവറേജസ് കോർപറേഷൻ ഒൗട്ട്ലെറ്റുകളിൽ മതിയായ സൗകര്യങ്ങളൊരുക്കണമെന്ന വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് തൃശൂർ കുറുപ്പംറോഡിലെ ഹിന്ദുസ്ഥാൻ പെയിൻറ് ഉടമ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ വാക്കാൽ നിരീക്ഷണം.
മദ്യവിൽപന ശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ എക്സൈസ് കമീഷണറോടും ബെവ്കോ എം.ഡിയോടും നേരിട്ട് നിർദേശിച്ചതാണ്. ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന സ്ഥാപനമാണ് ബെവ്കോയെങ്കിലും നന്നായി പ്രവർത്തിക്കുന്നുവെന്ന് ഇതിനർഥമില്ല. കോടതി ഇടപെടൽ മൂന്നാം തരംഗം നിയന്ത്രിക്കുന്നതിൽ സഹായകരമായെന്ന നിരീക്ഷണം ബെവ്കോയും ശരിവെച്ചു. കോടതി ഉത്തരവിനെ തുടർന്ന് സർക്കാർ നടപടി സ്വീകരിച്ചത് തിരക്ക് നിയന്ത്രിക്കുന്നതിലുണ്ടായ വീഴ്‌ച അംഗീകരിക്കുന്നതുകൊണ്ടല്ലേയെന്നും സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു.
സൗകര്യക്കുറവ് കാരണം മറ്റൊരിടത്തേക്ക് മാറ്റണമെന്ന് എക്സൈസ് കമീഷണർ നിർദേശിച്ച 96 വിൽപനശാലകളിൽ 38 എണ്ണം മാറ്റേണ്ടതില്ലെന്ന് ബെവ്കോ അറിയിച്ചു. മൂന്നെണ്ണം ഇതിനകം മാറ്റി. 24 എണ്ണം ഉടൻ മാറ്റും. മറ്റ് 24 ഷോപ്പുകൾക്ക് നിലവിലെ സൗകര്യം വർധിപ്പിക്കുകയോ സൗകര്യം കൂടിയിടത്തേക്ക് മാറ്റുകയോ ചെയ്യും. ഓൺലൈൻ പേമെൻറ് സൗകര്യം ഉൾപ്പെടെ തിരക്കു കുറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സൗകര്യമില്ലെന്ന് പറയുന്ന വിൽപനശാലകൾപോലും എക്സൈസ് വകുപ്പിെൻറ ലൈസൻസും ദൂരപരിധി വ്യവസ്ഥയും പാലിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെയാണ് പ്രവർത്തിക്കുന്നത്. പുതിയ ഔട്ട്‌ലെറ്റ് എവിടെ തുടങ്ങാൻ ആലോചിച്ചാലും പരാതിയാണ്. ചില സ്ഥാപിത താൽപര്യക്കാരും ഇത്തരം പരാതികൾക്കു പിന്നിലുണ്ടെന്നും ബെവ്കോ അറിയിച്ചു.
എക്സൈസ് കമീണറുടെ റിപ്പോർട്ട് അനുസരിച്ച് പ്രവർത്തിക്കാൻ ബെവ്കോക്ക് ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒന്നോ രണ്ടോ ഷോപ്പുകൾ അടച്ചതിെൻറ പേരിൽ വിഷയം അവസാനിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കിയ േകാടതി തുടർന്ന് ഹരജി വീണ്ടും സെപ്റ്റംബർ 16ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.