പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പ്രത്യേകപരിഗണന നല്‍കാന്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവ്

തിരുവനന്തപുരം: അവധിക്ക് നാട്ടില്‍വരുന്ന പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലെ ഓഫിസുകളില്‍ പ്രത്യേക പരിഗണന നല്‍കി തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്.

സംസ്ഥാനത്തെ സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള 16 സ്ഥാപനങ്ങള്‍ക്കാണ് ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയത്. നിശ്ചിതകാലയളവില്‍ അവധിക്കത്തെുന്ന പ്രവാസികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ സമീപിച്ചാല്‍ സമയബന്ധിതമായി കാര്യങ്ങള്‍ സാധിക്കാതെ വരുന്നെന്ന്  നിയമസഭാസമിതി കണ്ടത്തെിയിരുന്നു. ഇതുമൂലം അനുഭവിക്കുന്ന ദുരിതവും തൊഴില്‍പ്രശ്നങ്ങളും പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി(2014 -16)യുടെ ആറാമത് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട തീര്‍പ്പാക്കേണ്ട കാര്യങ്ങളില്‍ പ്രത്യേകപരിഗണന നല്‍കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ ശിപാര്‍ശചെയ്തിരുന്നു. ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച് പ്രത്യേകം ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയാലും അവധി കഴിഞ്ഞ് തിരികെപ്പോകുംമുമ്പ് തീര്‍പ്പാക്കാത്തത് സംബന്ധിച്ച് വ്യാപകപരാതികള്‍ നിലവിലുണ്ട്.

കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, പ്രവേശപരീക്ഷാ കമീഷണറേറ്റ്, കേരള, കാലിക്കറ്റ്, എം.ജി, കാലടി ശ്രീശങ്കര, കണ്ണൂര്‍, മലയാളം, നുവാല്‍സ്, എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ലോ കോളജുകള്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, കെ.സി.എച്ച്.ആര്‍, ഐ.എച്ച്.ആര്‍.ഡി, എല്‍.ബി.എസ്, സി-ആപ്റ്റ്,  സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ കേരള, കേരള ശാസ്ത്രസാങ്കേതിക മ്യൂസിയം, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, ലൈബ്രറി കൗണ്‍സില്‍, എന്‍.സി.സി, എന്‍.എസ്.എസ് എന്നിവയുടെ ഓഫിസുകള്‍ക്കാണ്  സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.  

Tags:    
News Summary - higher education department for NRIs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.