തൃശൂർ: ഹൈറിച്ച് മണിചെയിൻ തട്ടിപ്പ് കേസിൽ സ്വത്ത് കണ്ടുകെട്ടിയ നടപടി കോടതി സ്ഥിരപ്പെടുത്തിയതോടെ പാളിയത് കൂടുതൽ പരാതി ഉയരുന്നത് ഒഴിവാക്കാനുള്ള ഉടമകളുടെ നീക്കം. ബഡ്സ് ആക്ട് പ്രകാരം കലക്ടർ സ്വത്ത് മരവിപ്പിച്ച നടപടി അസാധുവാക്കുമെന്നാണ് നിക്ഷേപകരോട് ഹൈറിച്ച് ഉടമകൾ പറഞ്ഞിരുന്നത്. ഇതിനാൽ പലരും പരാതിയുമായി എത്താൻ മടിച്ചു.
എന്നാൽ, സ്വത്ത് കണ്ടുകെട്ടിയ നടപടി കോടതി സ്ഥിരപ്പെടുത്തിയതോടെ സി.ബി.ഐ അന്വേഷണം നടക്കുന്ന കേസിൽ ഇനി കൂട്ടത്തോടെ പരാതികളെത്തും. ഹൈറിച്ചിന്റെയും ഉടമകളുടേയും 200 കോടിയോളം രൂപയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. 67 ബാങ്ക് അക്കൗണ്ടുകളും 11 വാഹനങ്ങളും ഭൂസ്വത്തുക്കളും ഇതിലുൾപ്പെടുന്നു. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്ന് പൊലീസ് നേരത്തേ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
മണിചെയിനിലൂടെ 1630 കോടിയുടെ തട്ടിപ്പ് നടത്തിയതായും വ്യക്തമാക്കിയിരുന്നു. ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ മണിചെയിൻ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചതായും ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ് മണിചെയിൻ തട്ടിപ്പ് നടന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
പൊലീസ് ശിപാർശയെ തുടർന്നാണ് അന്വേഷണം സംസ്ഥാന സർക്കാർ സി.ബി.ഐക്ക് കൈമാറിയത്. ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ സഹോദര സ്ഥാപനമായ അനശ്വര ട്രേഡേഴ്സിന്റെ ഗ്രോസറി വ്യാപാരത്തിലേക്ക് എന്ന പേരിലാണ് ആദ്യം നിക്ഷേപം സ്വീകരിച്ചത്.
പിന്നീട് ക്രിപ്റ്റോ കറന്‍സി, ഒ.ടി.ടി തുടങ്ങി വ്യത്യസ്ത മാർഗങ്ങളിലൂടെ പണം ശേഖരിക്കുകയായിരുന്നു. ഉപഭോക്താക്കളുടേതായി 1,63,000 ഐ.ഡികളാണ് ഹൈറിച്ചിനുള്ളത്. ഇതില്‍നിന്നാണ് 1630 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്ന വിലയിരുത്തലിലേക്ക് പൊലീസ് എത്തിയത്.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.വടകര സ്വദേശി റിട്ട. എസ്.പി പി.എ. വൽസനാണ് സ്ഥാപനത്തിനെതിരെ ചേർപ്പ് പൊലീസിൽ പരാതി നൽകിയത്. നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരമാണ് ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ സ്ഥാപന എം.ഡി കെ.ഡി. പ്രതാപനെ ജി.എസ്.ടി തട്ടിപ്പ് ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു.
പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ സ്വത്തുക്കൾ താൽക്കാലികമായി മരവിപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും ബഡ്സ് ആക്ട് കോമ്പിറ്റന്റ് അതോറിറ്റിയുമായ സഞ്ജയ് കൗൾ തൃശൂർ ജില്ല കലക്ടർക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്നായിരുന്നു കലക്ടർ വി.ആർ. കൃഷ്ണതേജയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.