തിരുവനന്തപുരം: കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെലവപ്മെന്റ് കോർപറേഷൻ (കിഡ്ക്) നിർമിക്കുന്ന കുപ്പിവെള്ളമായ ‘ഹില്ലി അക്വ’ യുടെ ഉൽപാദനം ഇരട്ടിയാക്കും. പ്രതിദിനം അരലക്ഷത്തിലേറെ ബോട്ട്ൽ വെള്ളമാണ് അരുവിക്കര, തൊടുപുഴ പ്ലാന്റുകളിലായി നിർമിക്കുന്നത്. ഡ്യൂട്ടി ഷിഫ്റ്റുകളും ബോട്ടിലിങ്ങിനുള്ള ലൈനുകളുടെ എണ്ണവും കൂട്ടി ഉൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള നടപടികൾ വേഗത്തിലാക്കി.
സംസ്ഥാനത്ത് സ്വകാര്യ കമ്പനികളുടെ അതിപ്രസരമുള്ള കുപ്പിവെള്ള നിർമാണ രംഗത്ത് ഗുണമേന്മയുള്ള വെള്ളം മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഹില്ലി അക്വ’ നിർമാണം ആരംഭിച്ചത്. ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ ഉൽപന്നമെന്ന നിലയിൽ ഹില്ലി അക്വക്ക് വിപണിയിൽ നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. വിപണിയിലെ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റേഷൻകടകൾ വഴി വെള്ളം വിൽക്കുന്നതിനുള്ള പദ്ധതി തയാറാക്കിയത്. ഇതിനായി കിഡ്ക് കഴിഞ്ഞ ഒക്ടോബറിൽ സർക്കാറിന്റെ അനുമതി തേടി. ഉന്നത തല യോഗത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് റേഷൻകടകൾ വഴി കുപ്പിവെള്ളം വിതരണം ചെയ്യാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ് കോർപറേഷനും കിഡ്കും ധാരണപത്രം ഒപ്പിടും. ലിറ്ററൊന്നിന് എട്ടു രൂപ നിരക്കിൽ റേഷൻ കടകൾക്ക് നൽകുന്ന കുപ്പിവെള്ളം 10 രൂപ നിരക്കിലാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. പൊതുവിപണിയിൽ മറ്റു കമ്പനികളുടെ കുപ്പിവെള്ളത്തിന് 20 രൂപവരെ ഈടാക്കുന്നുണ്ട്. റേഷൻകടകൾ വഴിയുള്ള വിതരണം വ്യാപമാക്കുന്നതിനൊപ്പം വിപണന സംവിധാനം വിപുലപ്പെടുത്താനുള്ള ശ്രമവും നടക്കുന്നു.
‘മിൽമ’പോലെ സർക്കാർ നിയന്ത്രണത്തിലുള്ള മുൻനിര ബ്രാൻഡായി ‘ഹില്ലി അക്വ’യേയും മാറ്റുകയാണ് ലക്ഷ്യം. പ്രതിവർഷം ഇതര സംസ്ഥാന കമ്പനികൾ സംസ്ഥാനത്ത് വിൽക്കുന്നത് 230 കോടിയിലേറെ രൂപയുടെ കുപ്പിവെള്ളമാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന 200 ഓളം സ്വകാര്യ കമ്പനികൾക്ക് പുറമേയുള്ള കണക്കാണിത്. 50 ലക്ഷം ലിറ്റർ വെള്ളം കേരളത്തിൽ ആകെ വിൽക്കുന്നു. ഇതരസംസ്ഥാന കമ്പനികളാണ് ഇതിൽ നല്ലൊരു പങ്കും കൈകാര്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.