പ്രക്ഷുബ്ധമായ കടൽ. തിരമാലകൾ ഇരമ്പലോടെ തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. തിരയിൽനിന്നും മാറി, തീരത്ത് അധികം അകലെയല്ലാതെ കരിങ്കൽ കോട്ട കെട്ടുറപ്പോടെയുണ്ട്. ചക്രവാളത്തിനപ്പുറത്തുനിന്ന് തിരമുറിച്ചുകടന്നുവന്ന വൈദേശികരുടെ കഥകൾ ഒാർമിപ്പിക്കുന്നൊരു കോട്ട. കുരുമുളകും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പരിമളം പരത്തിയിരുന്ന, വെടിക്കോപ്പുകളുടെ ഗന്ധം നിറഞ്ഞുനിന്നിരുന്ന അകത്തളങ്ങൾ. കോട്ടക്കു മുകളിൽനിന്നാൽ കാഴ്ചയുടെ അതിരുദൂരം വരെ കടൽ കാണാം, അങ്ങകലെ ഭൂഖണ്ഡങ്ങൾ താണ്ടി നീങ്ങുന്ന കപ്പലുകളുടെ കൊടിയടയാളങ്ങൾ കാണം. നൂറ്റാണ്ടുകൾക്കുമുമ്പ്, കൃത്യമായി പറഞ്ഞാൽ 300 വർഷങ്ങൾക്കപ്പുറവും ഇത്തരത്തിൽ യാനങ്ങൾ ഇൗ പാതയിലൂടെ സഞ്ചരിച്ചിരുന്നു. അവയിൽ ചിലത് ഇൗ തീരത്തേക്കും കോട്ടയെ ലക്ഷ്യംെവച്ചും യാത്ര ചെയ്തു. കച്ചവട സാധ്യതകൾ മനസ്സിലുറപ്പിച്ച് ലാഭനഷ്ടങ്ങളും കുത്തകവിപണിയുമൊക്കെ കണക്കുകൂട്ടിയുള്ള യാത്രകൾ... അളവറ്റ സമ്പത്തുമായുള്ള മടക്കയാത്രകൾ.. അധിനിവേശത്തിെൻറ അടയാളമിട്ട സഞ്ചാരങ്ങളായിരുന്നു ഒാരോന്നും.
കടൽകാറ്റിെൻറ തണുപ്പിൽ അഞ്ചുതെങ്ങ് കോട്ടയിലേക്ക് പ്രവേശിക്കുേമ്പാൾ ഇന്നും ഒാർമയിെലത്തുക നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും മായാതെ നിലകൊള്ളുന്ന ഇൗ നാടിെൻറ ചരിത്രമാണ്, സമരപോരാട്ട നാളുകളാണ്. 'ആറ്റിങ്ങൽ കലാപ'മെന്ന് ചരിത്രത്തിൽ വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തിെൻറ വീരഗാഥകൾ ഇൗ കോട്ടയിലെ ഒാരോ ശിലകളും പടവുകളും എവിടെ അവസാനിക്കുന്നുവെന്ന് ഇന്നും കണ്ടെത്താനാവാത്ത രഹസ്യ തുരങ്കവുമെല്ലാം നമ്മെ ഒാർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പീരങ്കികൾ ഉറപ്പിക്കാനും നിരീക്ഷണത്തിനുമുള്ള കോട്ടയിലെ സ്ഥാനങ്ങൾക്ക് ഇന്നും പഴയ ഗാംഭീര്യം ചോർന്നുപോയിട്ടില്ല. അവയിൽ സുരക്ഷക്കായുള്ള പഴുതടച്ച ആസൂത്രണ മികവിനെ അറിയാം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന ആദ്യ സംഘടിത പോരാട്ടമായി വിശേഷിപ്പിക്കപ്പെടുന്ന ആറ്റിങ്ങൽ കലാപത്തിന് മൂന്നു നൂറ്റാണ്ട് പിന്നിടുകയാണ്. പുതുതലമുറക്ക് ആ ചരിത്ര സംഭവത്തിെൻറ പാഠങ്ങൾ പകരുകയാണ് അഞ്ചുതെങ്ങിലെ ഇൗ നിർമിതി. ആയുധങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമൊക്കെ സംഭരിച്ചിരുന്ന, സൈന്യാധിപന്മാരുടെ ആജ്ഞകൾ ഉയർന്നിരുന്ന ഇവിടം ഇപ്പോൾ നിശ്ശബ്ദമാണ്. കോട്ടവാതിൽ കടന്ന് ചരിത്രസ്മാരകത്തെ അറിയാനെത്തുന്ന സഞ്ചാരികളും കുറവ്. കോവിഡ് മഹാമാരിയുടെ കെട്ടകാലം സന്ദർശകരുടെ സാന്നിധ്യം തീരെയില്ലാതാക്കി.
അഞ്ചുതെങ്ങിനെ ഇഷ്ടെപ്പട്ട വെള്ളക്കാർ
ഇന്നത്തെപ്പോലെ മൂന്നു നൂറ്റാണ്ടിനപ്പുറവും മനോഹരമായിരുന്നു അഞ്ചുതെങ്ങ്. ആറ്റിങ്ങലിെൻറ പ്രാന്തപ്രദേശമായ തീരദേശ മേഖല. കടൽകടന്നെത്തിയ വൈദേശികർക്ക് തമ്പടിക്കാൻ അനുയോജ്യമായ ഭൂപ്രദേശം. മലബാർ മേഖലയിൽ എതിർപ്പുകൾ നേരിട്ട ബ്രിട്ടീഷുകാർ കേരളത്തിെൻറ മറ്റു ഭാഗങ്ങളിലേക്കും ശ്രദ്ധപതിപ്പിച്ച കാലം. കടലും കായലും നദിയുമെല്ലാം അതിരിടുന്ന അഞ്ചുതെങ്ങ് ജലമാർഗമുള്ള സഞ്ചാരത്തിന് ഏറെ അനുയോജ്യമായിരുന്നു. നേരത്തേ ഡച്ചുകാരും പോർചുഗീസുകാരും ആഗ്രഹിച്ചപോലെ ബ്രിട്ടീഷുകാരും ഇൗ കടലോര ഗ്രാമത്തെ വ്യാപാര^ ചരക്ക് സംഭരണകേന്ദ്രമാക്കാൻ കൊതിച്ചു.
വ്യവസായശാല നിർമിക്കാൻ കുറച്ചുപ്രദേശം 1684ൽ അവർക്ക് ആറ്റിങ്ങൽ റാണിയിൽനിന്ന് അനുവദിച്ചുകിട്ടിയത് ബ്രിട്ടീഷുകാർക്ക് േനട്ടമായി. നാലുവർഷത്തിനുശേഷം കോട്ട നിർമിക്കാനുള്ള അനുവാദവും അവർ നേടി. അഞ്ചുവർഷത്തിനകം കരിങ്കല്ലിൽ നിർമിച്ച, അക്കാലത്തെ എല്ലാ സുരക്ഷ സംവിധാനങ്ങളുമുള്ള കോട്ട കടലോരത്ത് ഉയർന്നു. പടേക്കാപ്പുകൾ സംഭരിക്കുന്ന കേന്ദ്രവും സജ്ജമായി. അതിലൂടെ ഭാവിയിലേക്കുള്ള അധിനിവേശത്തിെൻറ പുതിയ നീക്കങ്ങൾക്ക് അഞ്ചുതെങ്ങിൽ തുടക്കമിട്ടുവെന്ന് ചരിത്രം. പശ്ചിമതീരത്ത് േബാംബെ കഴിഞ്ഞാൽ അക്കാലത്ത് ഇംഗ്ലീഷുകാരുടെ പ്രധാന സേങ്കതമായി അഞ്ചുതെങ്ങ് മാറി. എന്നാൽ, ആറ്റിങ്ങൽ റാണി ബ്രിട്ടീഷുകാർക്ക് ചെയ്തുകൊടുത്ത സൗകര്യങ്ങൾ തദ്ദേശീയരായ ജനവിഭാഗങ്ങളിൽ വലിയ അമർഷത്തിനിടയാക്കി. അത് കാലക്രമേണ ബ്രിട്ടീഷുകാർക്കെതിരായ വികാരമായി നീറിപ്പുകഞ്ഞു.
കറുത്ത പൊന്നും പിന്നെ കലാപവും
'കറുത്തപൊന്നി'െൻറ കച്ചവടവും അതിൽനിന്നുള്ള ലാഭവും നിർണായകമായിരുന്ന കാലം. 1694 ജൂണിൽ ഇൗസ്റ്റ് ഇന്ത്യാ കമ്പനിയുമായി ആറ്റിങ്ങൽ റാണി ഒപ്പുെവച്ച ഉടമ്പടി പ്രകാരം രാജ്യത്ത് വിളയുന്ന കുരുമുളക് മുഴുവൻ കമ്പനിക്ക് അവർ നിശ്ചയിക്കുന്ന വിലക്ക് നൽകണം. മറ്റാരെങ്കിലും കുരുമുളക് വാങ്ങുകയോ കടൽമാർഗം കൊണ്ടുപോവാൻ ശ്രമിക്കുകയോ ചെയ്താൽ അവ ഇൗസ്റ്റ്്ഇന്ത്യ കമ്പനിക്ക് പിടിച്ചെടുക്കാം. ബ്രിട്ടീഷുകാർ നിശ്ചയിക്കുന്ന വിലക്ക് കർഷകർ അവർക്ക് കുരുമുളക് വിൽക്കണമെന്ന നിബന്ധന നാട്ടുകാരെ വല്ലാതെ അസ്വസ്ഥരാക്കി. അമർഷം പ്രതിഷേധത്തിലേക്ക് മാറി. 1697ൽ നാട്ടുകാർ അഞ്ചുതെങ്ങിെല ഫാക്ടറി ആക്രമിച്ചുവെങ്കിലും ലക്ഷ്യം പാളി. അഞ്ചുതെങ്ങ് കേന്ദ്രമാക്കി വലിയ എതിർപ്പുകളൊന്നുമില്ലാതെ പിന്നെയും ബ്രിട്ടീഷുകാർ വാണു. തദ്ദേശവാസികളുമായി നല്ല ബന്ധത്തിലല്ലായിരുന്നുവെങ്കിലും ആറ്റിങ്ങൽ റാണിയുമായി പിണക്കമില്ലാതെ പോകാൻ അവർ ശ്രദ്ധിച്ചു. അങ്ങനെയാണ് 1721 ഏപ്രിൽ 15ന് കപ്പവും പാരിതോഷികങ്ങളുമായി കോട്ടയുടെ ചുമതലക്കാരനായിരുന്ന ഗീഫോർഡ് അടക്കമുള്ള 140 പേരടങ്ങുന്ന സംഘം റാണിയെ കാണാൻ പുറപ്പെടുന്നത്. ബ്രിട്ടീഷുകാർക്ക് തിരിച്ചടി നൽകാൻ അനുയോജ്യമായ സന്ദർഭം ഇതാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ സംഘടിച്ചു. അപ്രതീക്ഷിത ആക്രമണത്തിൽ ഗീേഫാർഡ് അടക്കമുള്ളവർ െകാല്ലപ്പെട്ടു. തുടർന്ന് പ്രതിഷേധക്കാർ അഞ്ചുതെങ്ങ് േകാട്ട വളഞ്ഞു. ഉപരോധം ആറുമാസത്തോളം നീണ്ടുവെന്ന് ചരിത്രം പറയുന്നു. പിന്നീട് തലശ്ശേരിയിൽനിന്ന് ബ്രിട്ടീഷുകാരുടെ പോഷകസേന എത്തിയേപ്പാഴാണ് ഇത് അവസാനിച്ചത്.
അധിനിവേശത്തിന് എതിരായ കലാപക്കൊടി
രാജ്യത്ത് ബ്രിട്ടീഷുകാർ അവരുടെ അധിനിവേശത്തിെൻറ ആദ്യഘട്ടത്തിൽ േനരിട്ട വലിയ തിരിച്ചടിയായി ആറ്റിങ്ങൽ കലാപം വിശേഷിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് അസ്ഥിവാരമിട്ട 1757ലെ പ്ലാസി യുദ്ധത്തിനും മൂന്നര പതിറ്റാണ്ട് മുമ്പ്് രാജ്യത്തിെൻറ തെക്കേ അറ്റത്തെ ഒരു ഗ്രാമമേഖലയിൽ നടന്ന േപാരാട്ടം ഒറ്റപ്പെട്ടതായിരുന്നുവെങ്കിലും അതിെൻറ പ്രാധാന്യം ചരിത്രകാരന്മാർ ചെറുതായല്ല കണ്ടത്. ഇൗസ്റ്റ് ഇന്ത്യാ കമ്പനിയുെട ചരിത്രത്തിൽ തിരിച്ചടിയുടെ താളുകളിൽ കുറിക്കപ്പെട്ട വർഷമായിരുന്നു 1721. അധിനിവേശം സ്ഥാപിക്കേണ്ട മണ്ണിൽ, ഭാവിയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഇതോടെ അവർ ബോധവാന്മാരായി.
കേന്ദ്ര പുരാവസ്തുവകുപ്പിെൻറ തൃശൂർ സർക്കിളിന് കീഴിലാണ് ഇന്ന് കോട്ട. നൂറ്റാണ്ടുകൾ പിന്നിട്ടശേഷവും തെക്കൻ ജില്ലയിൽ ഏറക്കുറെ തകർച്ചകളില്ലാതെ നിലകൊള്ളുന്ന ഏക കോട്ടകൂടിയാണിത്. കോട്ടയുടെ പടിഞ്ഞാറേ ഭാഗത്തുനിന്നും ആരംഭിക്കുന്ന തുരങ്കം ഇന്നും ഉത്തരംകിട്ടാത്ത ചോദ്യങ്ങളുയർത്തുന്ന നിർമിതിയായി തുടരുന്നു. കടലിലേക്ക് തുറക്കുന്നതാണെന്നും ഇതുവഴി ബ്രിട്ടീഷുകാർ രഹസ്യമായി കോട്ടക്കുള്ളിലേക്ക് കടക്കുകയും മടങ്ങുകയും ചെയ്തിരുന്നുവെന്നും വാമൊഴിയുണ്ട്. എന്നാൽ, കോട്ടയുടെ മറുഭാഗം എവിടെ അവസാനിക്കുന്നുവെന്ന ശാസ്ത്രീയ പഠനം ഇനിയുമുണ്ടായിട്ടില്ല. ഇൗ ആവശ്യം ഉന്നയിച്ച് നാട്ടുകാരിൽ ചിലർ കേന്ദ്ര സർക്കാറിനടക്കം നിവേദനം നൽകിയത് മാസങ്ങൾക്കുമുമ്പാണ്. തുരങ്കത്തിലേക്ക് ആരും കടക്കാതിരിക്കാൻ സിമൻറുകൊണ്ട് കവാടം അടച്ചത് രണ്ടു പതിറ്റാണ്ട് മുമ്പായിരുന്നു. ഇേതാടെ അടഞ്ഞത് ചരിത്രത്തിെൻറ മറ്റൊരു അധ്യായത്തിലേക്ക് തുറക്കാനിടയുള്ള വാതിൽകൂടിയായിരുന്നു.
അഞ്ചുതെങ്ങിലെ കോട്ട കഴിഞ്ഞാൽ ആറ്റിങ്ങൽ കാലാപത്തിെൻറ സ്മരണകൾ നിറയുന്ന മറ്റൊരു നിർമിതി ആറ്റിങ്ങലിലെ കൊട്ടാര സമുച്ചയമാണ്. ആറ്റിങ്ങലിന് സമീപം കൊല്ലമ്പുഴയിലെ വിശാലമായ ഭൂപ്രദേശത്ത് സ്ഥിതിചെയ്യുന്ന കൊട്ടാരത്തിെൻറ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞു. മേൽക്കൂര തകർന്ന്, മഴ നനഞ്ഞ് ചുമരുകൾ കുതിരുന്നു. െകാട്ടാരത്തിെൻറ ഒരു ഭാഗം തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ നിയന്ത്രണത്തിലാണ്. ശേഷിക്കുന്ന ഭാഗം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുരാവസ്തു വകുപ്പിന് കൈമാറണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്. ആറ്റിങ്ങൽ കൊട്ടാരം, അഞ്ചുതെങ്ങ് കോട്ട മേഖലയിലെ മറ്റു ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുത്തി 'െപെതൃക ടൂറിസം പദ്ധതി' നടപ്പാക്കണമെന്ന നിർദേശവും വിവിധ കോണുകളിൽനിന്ന് ഏറെനാളായിഉയരുന്നു. എന്നാൽ, കാര്യമായ ഇടപെടൽ അധികാരികളിൽനിന്നും ഉണ്ടാകുന്നില്ലെന്നു മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.