കോഴിക്കോട്: കേരളത്തിൽ ഗാർഹിക പ്രസവങ്ങൾ വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. പിന്നിൽ ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നതായി ‘മാധ്യമം കുടുംബം’ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. നവംബർ ഒന്നിന് പുറത്തിറങ്ങുന്ന ‘കുടുംബ’ത്തിൽ ഗാർഹിക പ്രസവം സംബന്ധിച്ച് വിശദ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു. ഗാർഹിക പ്രസവത്തെ തുടർന്ന് മരണങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രി സൗകര്യം ഉണ്ടായിട്ടും മനഃപൂർവ്വം വീടുകൾ പ്രസവത്തിന് തെരഞ്ഞെടുക്കുന്നവരാണ് ഭൂരിഭാഗവും. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 2022-23 വർഷത്തിൽ 700ലേറെ പ്രസവങ്ങൾ നടന്നത് ആശുപത്രികളിലല്ല. ഇതിൽ ആദിവാസി-തോട്ടം മേഖലകളിൽ ആശുപത്രികളിലെത്താനുള്ള അസൗകര്യം മൂലമുണ്ടായ പ്രസവങ്ങളും ഉൾപ്പെടുമെങ്കിലും ഭൂരിപക്ഷവും മനഃപൂർവം വീട് തിരഞ്ഞെടുത്തവരാണ്. ഗാർഹിക പ്രസവം പ്രോത്സാഹിപ്പിക്കുന്ന ചില സംഘങ്ങൾതന്നെ കേരളത്തിൽ പ്രവർത്തിക്കുന്നതായാണ് അന്വേഷണത്തിൽ മനസ്സിലായത്. കേരള സർക്കാറിന്റെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2023 മേയിൽ പുറത്തുവിട്ട വാർഷിക വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ ആശുപത്രികളിലല്ലാതെ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം 2021-22ൽ 710 ആണ്. 2020-21ൽ ഇത് 560 ആയിരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ കോട്ടയം -11, ഇടുക്കി-38, വയനാട് -45, ആലപ്പുഴ-14, മലപ്പുറം 266, കൊല്ലം -23, കാസർേകാട് 23 എന്നിവയാണ് ജില്ല തിരിച്ച കണക്കുകൾ. ചില ജില്ലകളിലെ കണക്കുകൾ ലഭ്യമല്ല.
2022 കലണ്ടർ വർഷത്തിൽ കോഴിക്കോട് -23, പത്തനംതിട്ട -14 എന്നിങ്ങനെയാണ് ഗാർഹിക പ്രസവ നിരക്കുകൾ. കേരളത്തിൽ വർഷങ്ങളായി കൂടുതൽ ഗാർഹിക പ്രസവങ്ങൾ നടക്കുന്ന ജില്ല മലപ്പുറമാണ്. പക്ഷേ, മലപ്പുറം ജില്ലയിൽ നടക്കുന്ന മുഴുവൻ ഗാർഹിക പ്രസവങ്ങളും മലപ്പുറം ജില്ലക്കാരുടേതു മാത്രമല്ല. മറ്റു ജില്ലകളിൽനിന്ന് മലപ്പുറത്തു വന്ന് പ്രസവം നടത്തി തിരിച്ചുപോകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023 ജനുവരി മുതൽ ആഗസ്റ്റ് വരെ 172 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കോഴിക്കോട് ജില്ലയില്‍ ഒന്നര വര്‍ഷത്തിനിടെ 38 കുഞ്ഞുങ്ങളെയാണ് ആശുപത്രിക്കുപുറത്ത് വീടുകളിലും മറ്റുമായി പ്രസവിച്ചത്. ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ മലപ്പുറം തിരൂർ വെങ്ങല്ലൂരിൽ ഒരു കുഞ്ഞ് ഗാർഹിക പ്രസവത്തെ തുടർന്ന് മരിച്ചു. മറ്റൊരു മരണം കോട്ടക്കലിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമാന്തര ചികിത്സയുടെ മറവിൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഗാർഹിക പ്രസവത്തിന്റെ അപകട സാധ്യത, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവ കുടുംബം ചർച്ച ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.