പെരിയാർ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അസൂയയോടെ നോക്കിക്കാണുന്ന ഒരു വീടുണ്ട്; സുബൈദ, സുഭദ്ര എന്നീ രണ്ട് വയോധികർ ഇരട്ട സഹോദരിമാരെപോലെ ജീവിക്കുന്ന ആലുവ ഉളിയന്നൂർ പാലത്തിനുസമീപത്തെ കടവത്ത് വീട്. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ കടയിൽ രാമസ്വാമിയും ഭാര്യ സുഭദ്രയും ഏകദേശം 25 വർഷംമുമ്പാണ് ആലുവയിലെത്തുന്നത്. ഇവർക്ക് ഒരു മകനാണുണ്ടായിരുന്നത്. ഗുരുതരമായ അസുഖത്തെ തുടർന്ന് മകൻ മരിച്ചു. ഇതിനിടയിൽ മകെൻറ ചികിത്സക്കായി കിടപ്പാടംവരെ വിൽക്കേണ്ടിവന്നു.
മകെൻറ മരണത്തോടെ മാനസികമായി തകർന്ന ഇരുവരും നാടുപേക്ഷിച്ച് യാത്ര തുടങ്ങുകയായിരുന്നു. അങ്ങനെയാണ് ആലുവയിൽ എത്തിപ്പെട്ടത്. സ്വർണപ്പണിക്കാരനായിരുന്ന രാമസ്വാമി ആ തൊഴിൽ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. അതേത്തുടർന്ന് പരേതനായ കടവത്ത് മമ്മുകുഞ്ഞിെൻറ ഭാര്യ സുബൈദയുടെ വീടിനോട് ചേർന്ന്, ഇവരുടെതന്നെ വാടകവീട്ടിൽ താമസവും തുടങ്ങി. അന്നുമുതൽ സുബൈദയും സുഭദ്രയും കൂട്ടുകൂടിയതാണ്. അസുഖങ്ങൾ മൂലം രാമസ്വാമിക്ക് സ്വർണപ്പണി ചെയ്യാൻ പറ്റാതായി. ഇതിനിടയിൽ സുഭദ്ര അരിമില്ലിൽ പണിക്കുപോയി. പിന്നീട് ശ്വാസംമുട്ടൽ മൂലം പണിക്ക് പോകാൻ ബുദ്ധിമുട്ടായി.
സുഭദ്രയുടെ ഭർത്താവ് രാമസ്വാമി ഇതിനിെട മരണപ്പെട്ടു. ഒറ്റപ്പെട്ട സുഭദ്രയെ സുബൈദ തെൻറ വീട്ടിലേക്ക് കൈപിടിച്ച് കയറ്റുകയായിരുന്നു. അന്ന് തുടങ്ങിയ സ്നേഹബന്ധം ഇന്നും ഈ വീട്ടിൽ തുടർന്നുപോരുന്നു. കടവത്ത് വീട്ടിൽ കാരണവരുടെ സ്ഥാനത്ത് ഒരു ഉമ്മ മാത്രമല്ല, ഒരു ‘അമ്മ’ കൂടിയുണ്ട്. അമ്മയായ സുബൈദയോടുള്ള സ്നേഹവും വാത്സല്യവും ഒട്ടും കുറയാതെ സുഭദ്രക്കും വീട്ടുകാർ നൽകുന്നു. സുബൈദയുടെ ഇളയ മകൻ താജുദ്ദീൻ, ഭാര്യ ജെസി, ഇവരുടെ മക്കളായ ഫസലുറഹ്മാൻ, അൽഫിയ റാഹത്ത്, അയാൻ മുഹമ്മദ് എന്നിവരാണ് ഇവിടെയുള്ളത്.
മറ്റൊരു മകനായ ഷറഫുദ്ദീൻ സമീപത്ത് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. കുറച്ചുനാൾ മുമ്പാണ് ഇവർ തറവാട്ടിൽനിന്ന് മാറിത്താമസിച്ചത്. അതുവരെ സുഭദ്രയുടെകൂടി വാത്സല്യത്തണലിലായിരുന്നു ഷറഫുദ്ദീനും ഭാര്യ ഹാജറയും ഇവരുടെ മക്കളായ റംസാന, റിൻസ എന്നിവരും. മറ്റൊരു മകനായ ജമാൽ അശോകപുരത്താണ് താമസിക്കുന്നത്. മകൾ ഐഷ മാമ്പ്രയിലും. ഐഷയുടെ ആദ്യ കുട്ടി മുതൽ സുബൈദയുടെ എല്ലാ പേരക്കുട്ടികളും സുഭദ്രയുടെയും വാത്സല്യമേറ്റാണ് വളർന്നിട്ടുള്ളത്. ആ സ്നേഹം ഇന്നും കുട്ടികൾക്ക് സുഭദ്രയോടുണ്ട്. തനിക്ക് സുഭദ്രയിൽനിന്ന് ലഭിക്കുന്നത് ഒരു അമ്മയുടെതന്നെ സ്നേഹമാണെന്ന് താജുദ്ദീൻ പറയുന്നു.
‘‘എനിക്ക് രാത്രിയിൽ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാൽ ഓടിയെത്തുന്നത് സുഭദ്രച്ചേച്ചിയാണ്. ഉടനെ കുടിക്കാൻ വെള്ളമെടുക്കൽ അടക്കമുള്ള കാര്യങ്ങൾക്കും ഓടുന്നതും അവരാണ്. എെൻറ മക്കളെയും അങ്ങനെത്തന്നെയാണ് പരിചരിക്കുന്നത്.’’ സുബൈദയെയും സുഭദ്രയെയും ഒറ്റക്കൊറ്റക്ക് കാണുന്നത് അപൂർവമാണ്. എപ്പോഴും ഇരുവരും ഒന്നിച്ചുണ്ടാകും. ഒരു മുറിയിലാണ് വർഷങ്ങളായി ഇരുവരും താമസിക്കുന്നത്. ഭക്ഷണം കഴിക്കുന്നതുമെല്ലാം ഒന്നിച്ചാണ്. പരസ്പരം താങ്ങായി ഇവർ ജീവിക്കുന്നു. ആശുപത്രിയിൽപോലും ഒരുമിച്ചാണ് പോകാറുള്ളത്. അതിനാൽ തന്നെ ഏവർക്കും ഇവരെ സുപരിചിതമാണ്. എന്തെങ്കിലും കാരണവശാൽ ഒരാൾ ഒറ്റക്കു പോയാൽ പിന്നെ നാട്ടുകാർ മുഴുവൻ മറ്റേയാളെ തിരക്കലായിരിക്കും.
സുഭദ്രക്ക് റമദാൻ എന്നും പ്രിയപ്പെട്ടത്
സുബൈദയുടെ കൂടെ ജീവിക്കാൻ തുടങ്ങിയ കാലം മുതൽ റമദാൻ മാസത്തിൽ സുഭദ്ര നോമ്പുപിടിക്കുന്നുണ്ട്. നോമ്പ് പിടിക്കാൻ പ്രത്യേക ആവേശമാണ്. റമദാൻ മാസം ഏറെ പ്രിയപ്പെട്ടതാണ്. അതിനാൽതന്നെ റമദാെൻറ വരവ് കാത്തിരിക്കും. ശാരീരിക പ്രയാസങ്ങൾ മൂലം കഴിഞ്ഞ വർഷം കുറച്ച് നോമ്പുകൾ ഒഴിവാക്കേണ്ടിവന്നിരുന്നു. മതപരമായ ചടങ്ങുകൾക്ക് ഒരു തടസ്സവും തനിക്ക് ഇവിടെ ഉണ്ടായിട്ടില്ലെന്ന് സുഭദ്ര പറയുന്നു. ഇതിനായി വീടിനോടുചേർന്ന് മറ്റൊരു മുറിയുണ്ട്. അമ്പലങ്ങളിൽ പോകാറുണ്ട്.
ഒരിക്കൽ ശബരിമലക്ക് പോയതുപോലും ഈ വീട്ടിൽനിന്നാണ്. പിന്തുണയുമായി നാട്ടുകാരും സുബൈദയുടെ തണലിൽ കഴിയുന്ന സുഭദ്രക്ക് നാട്ടുകാരുടെ എല്ലാ പിന്തുണയുമുണ്ട്. സമീപവാസിയായ ഡോ.അമീറയാണ് ഇരുവരുടെയും പ്രാഥമിക ആരോഗ്യ കാര്യങ്ങൾ നോക്കുന്നത്. സുഭദ്ര ആലുവയിലെത്തുമ്പോൾ ഒരു രേഖയും ഉണ്ടായിരുന്നില്ല. താജുദ്ദീൻ മുൻകൈയെടുത്താണ് പിന്നീട് അതെല്ലാം ശരിയാക്കിയത്.
വേദനയായി പൗരത്വനിയമം...
പൗരത്വനിയമം സുഭദ്രയെ വളരെ വേദനിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം അവർ ശ്രദ്ധിക്കാറുണ്ട്. ഇത് ജനദ്രോഹമാണെന്നാണ് സുഭദ്രയുടെ അഭിപ്രായം. മനുഷ്യരെ തമ്മിലകറ്റാനാണ്നിയമം വഴിയൊരുക്കുകയെന്നും സുഭദ്ര പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.