കാഞ്ഞങ്ങാട്: ഹണിട്രാപ് സംഘം പകർത്തിയ നഗ്നചിത്രം പുറത്തുവിടാതിരിക്കാൻ മധ്യവയസ്കനോട് ആവശ്യപ്പെട്ടത് ഒരു കോടി രൂപ. തടവിൽ പാർപ്പിച്ചശേഷം ക്രൂരമായ മർദനമുറകൾ നേരിട്ട 59കാരൻ ഒടുവിൽ 36 ലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. അഞ്ചു ലക്ഷം രൂപ കൈക്കലാക്കിയ സംഘം പറഞ്ഞുറപ്പിച്ച ബാക്കി തുക ലഭിക്കാൻ ബെൽറ്റ് ഉൾപ്പെടെ ആയുധം ഉപയോഗിച്ച് ഇയാളെ മർദിച്ചു. ഹണിട്രാപ് സംഘത്തിലെ രണ്ട് യുവതികൾ ഉൾപ്പെടെ ആറുപേർ റിമാൻഡിലാണ്. ഒരാൾക്ക് കോടതി ജാമ്യമനുവദിച്ചു.
കോഴിക്കോട് പെരുമണ്ണ സ്വദേശി പി. ഫൈസൽ (37), ഭാര്യ കുറ്റിക്കാട്ടൂർ സ്വദേശി എം.പി. റുബീന (29), കാസർകോട് ഷിറിബാഗിലു സ്വദേശി എൻ. സിദീഖ് (48), മാങ്ങാട് സ്വദേശി ദിൽഷാദ് (40), മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ്രിയ (40), മാങ്ങാട് സ്വദേശി അബ്ദുല്ലക്കുഞ്ഞി (32) എന്നിവരെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പടന്നക്കാട് സ്വദേശി റഫീഖിനാണ് (42) കോടതി ജാമ്യം അനുവദിച്ചത്. റഫീഖിന് മാനസികമായി സുഖമില്ലെന്നത് പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു. ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. റഫീഖ് എന്ന ഒരു പ്രതിയെ ഇനി പിടികൂടാനുണ്ട്. ഇയാളാണ് പ്രതികൾ സഞ്ചരിച്ച കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ റഫീഖിന്റെ പടന്നക്കാട്ടെ വീട്ടിലായിരുന്നു പരാതിക്കാരനെ തടവിൽ പാർപ്പിച്ച് മർദിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇവിടെയും മംഗളൂരുവിലെ ഹോട്ടൽമുറിയിലും പൊലീസ് എത്തും. തട്ടിയെടുത്ത അഞ്ചു ലക്ഷത്തിൽ 56,000 രൂപ പൊലീസിന് കണ്ടെടുക്കാനായി. ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ്. കേസിലെ പ്രധാന പ്രതികളിലൊരാളായ യുവതി ലുബ്ന എന്നാണ് 59കാരനോട് പറഞ്ഞതെങ്കിലും റുബീന എന്നാണ് ശരിയായ പേരെന്ന് പൊലീസ് പറഞ്ഞു.
മാങ്ങാട് സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി കോടി രൂപ കൈക്കലാക്കാൻ പ്രതികൾ മാസങ്ങൾക്ക് മുമ്പെ പദ്ധതി തയാറാക്കിയിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് അറിയുന്ന മാങ്ങാട് സ്വദേശി ദിൽഷാദ് മുഖ്യസൂത്രധാരന്മാർക്ക് വിവരം കൈമാറി. ഇദ്ദേഹം സമ്പന്നനാണെന്ന് ദിൽഷാദ് വഴി അറിഞ്ഞതോടെ ഹണിട്രാപ് നടപ്പാക്കുന്നതിന് വേഗതയേറി. റുബീനയെ ഉപയോഗിച്ച് ഫോൺ വിളിപ്പിച്ച് സൗഹൃദം സ്ഥാപിച്ചതോടെ സംഘം കെണിയൊരുക്കി. തനിക്ക് ലാപ്ടോപ് വാങ്ങിത്തരണമെന്ന റുബീനയുടെ ആവശ്യപ്രകാരമാണ് ഇരുവരും കഴിഞ്ഞ 25ന് ഉച്ചക്ക് മംഗളൂരുവിലെത്തുന്നത്. ഇവിടെ ഹോട്ടൽമുറിയിൽ നിന്നായിരുന്നു പരാതിക്കാരന്റെ നഗ്നചിത്രങ്ങൾ റുബീന പകർത്തുന്നത്. സെൽഫിയായാണ് യുവതി ഇയാൾക്കൊപ്പമുള്ള ചിത്രം പകർത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഈ സമയം മറ്റ് പ്രതികൾ ഹോട്ടലിന് പുറത്ത് കാറിൽ നിലയുറപ്പിച്ചിരുന്നത് മാങ്ങാട് സ്വദേശിയായ പരാതിക്കാരൻ അറിഞ്ഞിരുന്നില്ല. പണം ആവശ്യപ്പെട്ട് ഭീഷണി വർധിച്ചതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഉൾപ്പെടെ നടന്ന സമാന കേസുകളിലെ പ്രതികളാണോ ഇവരെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.