പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലപാതകത്തിലെ റിമാൻഡ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി പ്രഭുകുമാർ (43), അമ്മാവൻ സുരേഷ് (45) എന്നിവരെയാണ് കോടതി രണ്ടു ദിവസത്തേക്ക് വിശദമായി ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനും അന്വേഷണ ഏജൻസിയായ ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയത്.
തേങ്കുറുശ്ശി ഇലമന്ദം കൊല്ലത്തറയിൽ ആറുമുഖെൻറ മകൻ അനീഷ് (അപ്പു-27) ആണ് ഡിസംബർ 25ന് വൈകീട്ട് കൊല്ലപ്പെട്ടത്. മാനാംകുളമ്പ് സ്കൂളിന് സമീപത്തെ റോഡിൽ വെച്ചാണ് സംഭവം. അനീഷിെൻറ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷ്, അച്ഛൻ പ്രഭുകുമാർ എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്.
മകൾ ജാതിമാറി വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും പകയുമാണ് ദുരഭിമാന കൊലക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. അനീഷും പ്രഭുകുമാറിെൻറ മകൾ ഹരിതയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഈ ബന്ധം ഉപേക്ഷിക്കാൻ പ്രഭുകുമാർ അനീഷിനെ നിർബന്ധിച്ചിരുന്നു.മറ്റൊരാളുമായി വിവാഹം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഹരിതയും അനീഷും വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹം നടത്തിയത്.
ഇതിനെതിരെ ഹരിതയുടെ പിതാവ് കുഴൽമന്ദം സ്റ്റേഷനിൽ പരാതി നൽകി. ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും അനീഷിനോടൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് ഹരിത അറിയിക്കുകയായിരുന്നു. ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ കുഴൽമന്ദം പൊലീസ് അന്വേഷിച്ച് കേസിൽ ലോക്കൽ പൊലീസിന് വീഴ്ച സംഭവിച്ചതായുള്ള അനീഷിെൻറ വീട്ടുകാരുടെ പരാതിയെ തുടർന്ന് തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.