കൽപറ്റയിലെ ഹോസ്റ്റലിൽ 8.89 ലക്ഷത്തിന് നവീകരിച്ച അടുക്കള ഉപയോഗക്ഷമമല്ലെന്ന് റിപ്പോർട്ട്

കോഴിക്കോട് : വയനാട് കൽപറ്റയിലെ പൊതുമരാമത്ത് വകുപ്പിന്റെ മെൻസ് ഹോസറ്റലിൽ 8.89 ലക്ഷത്തിന് നവീകരിച്ച അടുക്കള ഉപയോഗക്ഷമമല്ലെന്ന് ധനകാര്യ അന്വേഷണ റിപ്പോർട്ട്. അടുക്കള നിർമാണം അനവസരത്തിൽ ചെയ്ത പ്രവർത്തിയാണ്. കോവിഡ് കാലത്ത് 8,89,863 രൂപ ചെലവിൽ നവീകരിച്ച അടുക്കള ഉപയോഗക്ഷമമല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ചെലവഴിച്ച തുകക്ക് അനുസൃതമായ ഗുണനിലവാരം നിർമാണ പ്രവർത്തികൾക്കില്ല. കോൺട്രാക്ടറും നിർമാണ മേഖലയിലെ ഉദ്യോഗസ്ഥരും സർക്കാരിന് ഭീമമായ നഷ്ടം ഉണ്ടാക്കിയെന്നാണ് കണ്ടെത്തൽ.

ഹോസ്റ്റലിൽ അഡ്മിഷൻ ലഭിക്കുന്നതിനായി സർക്കാർ ജീവനക്കാർ കാത്തിരിക്കുമ്പോൾ മുറി ഒഴിഞ്ഞ ശേഷം അതേ ദിവസമോ അതിനടുത്ത ദിവസമോ പുതിയ അപേക്ഷകന് മുറി കരാർ ഒപ്പിട്ട് അനുവദിക്കുന്നില്ല. കാല താമസം നേരിടുകയും സർക്കാരിന് വരുമാന നഷ്ടം ഉണ്ടാവുകയും ചെയ്തു. അപേക്ഷ ലഭിക്കുന്ന മുറക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തി മുറി ഒഴിവ് വരുന്ന ദിവസം അപേക്ഷകനെ അറിയിച്ച് നടപടി സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ അലംഭാവം കാണിച്ചു. അതിന്റെ ഫലമായി പരിശോധനാ കാലയളവിൽ 7,37,336 രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് കണ്ടെത്തി.

സർക്കാരിനുണ്ടായ ഈ നഷ്ടത്തിൽ വയനാട് പൊതുമരാമത്തു കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസി. എക്സ്. എഞ്ചിനീയർ, അസി എഞ്ചിനീയർ എന്നീ ഉദ്യോഗസ്ഥർക്ക് നേരിട്ടും പരോക്ഷവുമായ പങ്കുണ്ട്. ഇവരിൽ നിന്നും ഭരണ വകുപ്പ് വിശദീകരണം തേടണം. അത് പരിശോധിച്ച് ഉചിതമായ നിരക്കിൽ സർക്കാരിനുണ്ടായ നഷ്ടം തിരികെ ഈടാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

ഹോസ്റ്റലിൽ നിലവിൽ സിംഗ്ൾ റൂമുകൾക്ക് എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും 1013 രൂപ നിരക്കിലും ഡബിൾ റൂമുകൾക്ക് ഗസറ്റഡ് വിഭാഗത്തിന് 638 രൂപയും നോൺ -ഗസറ്റഡ് വിഭാഗത്തിന് 600 രൂപയുമാണ് പ്രതിമാസ വാടക. ഇത് ഹോസ്റ്റലിന്റെ ദൈനം ദിന ചെലവ് നടത്തുന്നതിന് തികച്ചും അപര്യാപ്തമാണ്. ധനകാര്യ വിഭാഗം പരിശോധന നടത്തിയ 2017 ഏപ്രിൽ മുതൽ 2021 ഒക്ടോബർ വരെ ഹോസ്റ്റലിൽ നിന്നുള്ള ആകെ വരുമാനം 79,48,489 രൂപയും ചെലവ് 1,12,92,120 രൂപയുമാണ്. അതായത് ഈ കാലയളവിൽ വരവിനേക്കാൾ 33,43,631 രൂപ ചെലവ് അധികമാണ്.

അതിനാൽ ഹോസ്റ്റലിലെ വാടക നിരക്കുകൾ നടത്തിപ്പ് മൂലമുണ്ടാകുന്ന നഷ്ടം ഒഴിവാക്കുന്നതിനായി കാലോചിതമായി പരിഷ്കരിക്കണം. നിരക്കുകൾ ഓരോ മൂന്നു വർഷം കൂടുംതോറും വരവ് ചെലവുകൾക്കനുസരിച്ച് പരിഷ്കരിക്കുന്നതിനുള്ള ഒരു സ്ഥിരം സംവിധാനം ഭരണ വകുപ്പ് നടപ്പിലാക്കണം.

ഹോസ്റ്റലിലെ മരാമത്ത് പണികളുടെ എസ്റ്റിമേറ്റുകൾ യാഥാർഥ്യ ബോധത്തോടെയല്ല തയാറാക്കുന്നത്. അതിനാൽ,  നടപ്പാക്കുന്ന രണ്ടു പ്രധാന പ്രവർത്തികളിൽ 30 ശതമാനത്തോളം എസ്റ്റിമേറ്റിൽ നിന്നും കുറവുണ്ടായ വിഷയത്തിലും ധനകാര്യ പരിശോധന സാങ്കേതിക വിഭാഗം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകണം.

ഹോസ്റ്റലിലെ മരാമത്ത് പണികൾക്ക് എസ്റ്റിമേറ്റ് തയാറാക്കുമ്പോൾ എക്സിക്യുട്ടിവ് എഞ്ചിനീയർ (കെട്ടിട വിഭാഗം) സ്ഥല സന്ദർശനം നടത്തി ബോധ്യപ്പെട്ട് അംഗീകാരം നൽകണം. എസ്റ്റിമേറ്റ് തയാറാക്കിയതിലെ അപാകത മൂലം സാമ്പത്തിക നഷ്ടമുണ്ടായാൽ അംഗീകാരം നൽകുന്ന ഉദ്യോഗസ്ഥനിൽ സാമ്പത്തിക ബാധ്യത നിക്ഷിപ്തമാക്കണം.

ഹോസ്റ്റലിലെ വൈദ്യുതി ചാർജ്, വാട്ടർ ചാർജ് എന്നിവ പ്രതിമാസ അടിസ്ഥാനത്തിൽ വേർതിരിച്ച് താമസക്കാരിൽ നിന്നും തുല്യമായി ഈടാക്കുകയോ ഓരോ മുറിക്കും പ്രത്യേകം മീറ്ററുകൾ സ്ഥാപിച്ച് താമസക്കാരിൽ നിന്നും തുക അടവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്നാണ് ശിപാർശ.

ഹോസ്റ്റലിലെ പ്രധാന വാതിലിൽ സ്ഥാപിച്ച അലൂമിനിയം ഫാബ്രിക്കേഷൻ ഗ്ലാസ് ഡോർ ഫിറ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ കേടായി എന്നായിരുന്നു പരാതിയിലെ മറ്റൊരു ആരോപണം. പരാതി വസ്തുതാപരമായിരുന്നു. എന്നാൽ, ധനകാര്യ വിഭാഗം പരിശോധന നടത്തുമെന്നറിഞ്ഞ് ഉദ്യോഗസ്ഥരും കരാറുകാരനും ചേർന്ന് ഈ ഡോറുകൾ മാറ്റി സ്ഥാപിച്ചുവെന്നും കണ്ടെത്തി. 

Tags:    
News Summary - Hostel in Kalpetta: 8.89 Lakhs Renovated kitchen reportedly unusable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.