മൂന്നാർ: ഇക്കാനഗറിലെ വീട് ഏഴുദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട സബ് കലക്ടറുടെ നടപടിക്കെതിരെ ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. തന്റെ ഭൂമി പുറമ്പോക്കല്ലെന്നും പട്ടയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപിന്നിൽ ചിലരുടെ പ്രതികാര നടപടിയാണെന്നും പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ പറഞ്ഞു.
'60 പേർക്ക് നോട്ടീസ് നൽകിയപ്പോൾ ഒഴിയാൻ ആവശ്യപ്പെട്ടത് തന്നോട് മാത്രമാണ്. ഏഴു ദിവസത്തിനുള്ളിൽ ഒഴിയണമെന്ന് പറയുന്നത് ശരിയല്ല. സബ് കലക്ടർക്ക് പിന്നിൽ മറ്റാരോ പ്രവർത്തിക്കുന്നുണ്ട്. സബ് കലക്ടര്‍ക്ക് തന്നോട് വിരോധമൊന്നുമില്ല. മറ്റാരോ പറയുന്നതു കേട്ട് പ്രവര്‍ത്തിക്കുകയാണ്. എന്തു നടപടിയാണെങ്കിലും നേരിടും' - രാജേന്ദ്രന്‍ പറഞ്ഞു.
രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാനഗറിലെ വീട്ടിൽനിന്ന് ഏഴു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാണ് റവന്യൂ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമയുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫിസറാണ് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്. കലക്ടറുടെ നിർദേശപ്രകാരമാണ് എസ്.രാജേന്ദ്രന് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയതെന്ന് ദേവികുളം തഹസിൽദാർ (എൽആർ) എം.ജി. മുരളീധരൻ പറഞ്ഞു.
ഇക്കാനഗറിലെ സ്ഥലത്താണ് രാജേന്ദ്രൻ കുടുംബസമേതം വീടുവച്ച് താമസിക്കുന്നത്. നിർദേശിച്ച സമയത്തിനകം ഒഴിഞ്ഞുപോയിട്ടില്ലെങ്കിൽ ബലമായി ഒഴിപ്പിക്കുമെന്ന് നോട്ടിസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇക്കാനഗറിലെ സർവേ നമ്പർ 843, 843/a എന്നിവിടങ്ങളിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്റേതാണെന്നാണ് ബോർഡ് അവകാശപ്പെടുന്നത്. ഇവിടത്തെ ഭൂമി പതിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് ഇക്കാനഗർ സ്വദേശി ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇദ്ദേഹം സമർപ്പിച്ച രേഖകൾ വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. തുടർന്നാണ് മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കാൻ ഹൈകോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.