house theft

ബത്തേരിയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച; 90 പവൻ സ്വർണവും 43,000 രൂപയും കവർന്നു

സുല്‍ത്താന്‍ ബത്തേരി: ആളില്ലാത്ത വീട്ടില്‍നിന്ന് 34 ലക്ഷത്തോളം വിലവരുന്ന 90 പവന്റെ സ്വർണാഭരണങ്ങളും 43,000 രൂപയും കവര്‍ന്നു. സുൽത്താൻ ബത്തേരി ടൗണിൽനിന്നു മൂന്ന് കിലോമീറ്റർ അകലെ മന്ദണ്ടിക്കുന്ന് ശ്രീഷ്മയില്‍ ശിവദാസന്‍റെ വീട്ടിലാണ് വൻ കവർച്ച നടന്നത്.

മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മുകൾ നിലയിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളും താഴെ നിലയിൽ പഴ്സിലുണ്ടായിരുന്ന പണവുമാണ് മോഷ്ടിച്ചത്. ബന്ധുവിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് ശിവദാസനും കുടുംബവും ചൊവ്വാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണയിലേക്ക് പോയിരുന്നു. ബുധനാഴ്ച രാത്രി തിരികെയെത്തിയപ്പോഴാണ് മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്നുള്ള പരിശോധനയിലാണ് ആഭരണങ്ങളും പണവും മോഷണം പോയത് സ്ഥിരീകരിച്ചത്. ശിവദാസന്റെ പരാതിയില്‍ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ്, സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുല്‍ ഷെരീഫ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എന്‍.ഒ. സിബി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടില്‍ പരിശോധന നടത്തി.

Tags:    
News Summary - house was broken and robbed in sulthan bathery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.