ഹോസ്റ്റലുകളിൽ ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണങ്ങൾ പെൺകുട്ടികൾക്ക്​ എന്തിനെന്ന് ഹൈകോടതി

കൊച്ചി: കോളജ് ഹോസ്റ്റലുകളിൽ ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണങ്ങൾ പെൺകുട്ടികൾക്ക്​ എന്തിനെന്ന് ഹൈകോടതി. പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണം വേണമെന്ന് എങ്ങനെ പറയാനാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ചോദിച്ചു. രാത്രി 9.30നുശേഷം വിദ്യാർഥിനികൾ ഹോസ്റ്റലിൽനിന്ന്​ പുറത്തുപോകുന്നത്​ വിലക്കിയ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ അഞ്ചു വിദ്യാർഥിനികൾ നൽകിയ ഹരജിയിലാണ് കോടതി ഇതു പറഞ്ഞത്.

രക്ഷിതാക്കളുടെ അപേക്ഷയനുസരിച്ച് വിദ്യാർഥിനികളുടെ സുരക്ഷ ഉറപ്പാക്കാനാണിതെന്ന് അധികൃതർ പറയുന്നു. പെൺകുട്ടികളെയല്ല, പ്രശ്നക്കാരെയാണ് പൂട്ടിയിടേണ്ടത്. കാസർകോട് കേന്ദ്ര സർവകലാശാല, കോഴിക്കോട് ഐ.ഐ.എം, പാലക്കാട് ഐ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിലും സംസ്ഥാനത്തിനു പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരം നിയന്ത്രണങ്ങളില്ല. നിയന്ത്രണമില്ലാത്ത ഹോസ്റ്റലുകളുണ്ട്. ഡൽഹിയിലെ ജെ.എൻ.യുവൊക്കെ 24 മണിക്കൂറും സജീവമാണ്. യുക്രെയിനിലെ യുദ്ധഭൂമിയിൽനിന്ന്​ സുരക്ഷിതരായി മടങ്ങിയെത്തിയ പെൺകുട്ടികളുണ്ട്. പെൺകുട്ടികളെ വില കുറച്ചു കാണരുത്. രാത്രി 9.30 എന്ന സമയം എങ്ങനെയാണ് നിശ്ചയിച്ചതെന്ന്​ കോടതി ചോദിച്ചു.

കാമ്പസുകളിൽ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാറാണ്. വിദ്യാർഥിനികളെ പൂട്ടിയിട്ടാൽ പ്രശ്നങ്ങളില്ലാതാവില്ല. കോവിഡ് കാലത്തെ ലോക്ഡൗൺ നിമിത്തം കുറ്റകൃത്യങ്ങൾ കുറഞ്ഞുവെന്നു പറയുന്നു. ഗാർഹിക കുറ്റകൃത്യങ്ങളാണ് ഇക്കാലത്ത് കൂടിയത്. നിരാലംബരായ സ്ത്രീകളാണ് ഇതിനൊക്കെ ഇരയായത്. രാത്രി 9.30നുശേഷം പുറത്തുപോയാൽ കുട്ടികൾ തലതിരിഞ്ഞുപോകുമെന്ന ധാരണ ശരിയല്ല. പരിഷ്‌കൃത സമൂഹത്തിനു യോജിച്ച നടപടിയല്ലിതെന്നും സിംഗിൾബെഞ്ച് പറഞ്ഞു.

എന്നാൽ, രാത്രി 9.30നുശേഷം ഹോസ്റ്റലിനു പുറത്തിറങ്ങാൻ വിലക്കേർപ്പെടുത്തിയതിൽ ലിംഗവിവേചനമില്ലെന്ന്​ സർക്കാർ പറഞ്ഞു. രാത്രി 9.30നുശേഷം ആൺകുട്ടികളും പെൺകുട്ടികളും പുറത്തു പോകുന്നത്​ വിലക്കിയാണ് ഉത്തരവ്. അച്ചടക്കം, സുരക്ഷ തുടങ്ങിയ കാരണങ്ങളാലാണ് ഇതു പുറപ്പെടുവിച്ചതെന്നും സർക്കാർ വിശദീകരിച്ചു. എന്നാൽ, ആൺകുട്ടികളുടെ ഹോസ്റ്റലുകളിൽ ഇതു പാലിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. രക്ഷിതാക്കളുടെ ആശങ്ക മനസ്സിലാക്കാം. എന്നാൽ, പെൺകുട്ടികൾക്കും സമൂഹത്തിൽ ജീവിക്കേണ്ടേ? ഈ ആവശ്യം ഉന്നയിച്ച്​ കോടതിയെ സമീപിച്ചതിന് അവരെ കുറ്റപ്പെടുത്തേണ്ട. മാറിച്ചിന്തിക്കാനെന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി ​ചോദിച്ചു.

വനിത കമീഷൻ മറുപടി സത്യവാങ്മൂലം നൽകാനും നിർദേശിച്ചു. ഈ വിഷയം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് സർക്കാർ വിശദീകരിച്ചു. തുടർന്ന് ഹരജി ഡിസംബർ 15ലേക്ക് മാറ്റി.

Tags:    
News Summary - How long will the girls be locked up; Why should girls have control that boys do not have - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.