കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തുനിന്ന് നീക്കുന്ന കരിമണൽ എത്രയെന്നും എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാറിന് ഹൈകോടതി നിർദേശം. മണൽനീക്കം പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടോയെന്ന് അറിയിക്കാനും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. പരിസ്ഥിതി അനുമതിയില്ലാതെ തോട്ടപ്പള്ളി പൊഴിമുഖത്ത് നടക്കുന്ന കരിമണൽ ഖനനം തടയണമെന്നാവശ്യപ്പെടുന്ന ഹരജിയിലാണ് നിർദേശം.
ഹരജി വിധി പറയാൻ മാറ്റിയതായിരുന്നെങ്കിലും കോടതി കൂടുതൽ വിവരങ്ങൾ ആരാഞ്ഞശേഷം ഒക്ടോബറിൽ വീണ്ടും പരിഗണിക്കാൻ മാറ്റുകയായിരുന്നു. മണൽ ഖനനത്തിനെതിരെ പ്രദേശവാസിയായ എം.എച്ച് വിജയൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നേരിടാൻ പൊഴിമുഖത്തെ മണൽനീക്കമടക്കം നിർദേശിച്ചുള്ള സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്ന സർക്കാർ വിശദീകരണത്തിെൻറ അടിസ്ഥാനത്തിൽ, പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിന് പൊഴിമുഖത്തുനിന്ന് ധാതുമണൽ നീക്കാനും കൊണ്ടുപോകാനും ഹൈകോടതി നേരത്തേ ഇടക്കാല അനുമതി നൽകിയിരുന്നു.
കൊണ്ടുപോകുന്ന മണൽ കെ.എം.എം.എൽ പരിസരത്ത് സംഭരിക്കണമെന്നും കൃത്യമായ കണക്ക് സൂക്ഷിക്കണമെന്നുമുള്ള ഉപാധിയോടെയായിരുന്നു അനുമതി. വാണിജ്യ ലക്ഷ്യത്തോടെയാണ് അനുമതി നൽകിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.