പാലക്കാട്: സ്വപ്ന സുരേഷിനെ എച്ച്.ആർ.ഡി.എസിൽനിന്ന് ഒഴിവാക്കിയതായി സെക്രട്ടറി അജി കൃഷ്ണൻ അറിയിച്ചു. സ്വപ്നക്ക് ജോലി നൽകിയതിന്‍റെ പേരിൽ സംഘടനക്കെതിരെ സംസ്ഥാന സർക്കാർ പകപോക്കൽ നടപടി തുടരുന്നതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. എച്ച്.ആർ.ഡി.എസ് ഇന്ത്യ എന്ന എൻ.ജി.ഒയുടെ സ്ത്രീശാക്തീകരണ വിഭാഗം-സി.എസ്.ആർ വിഭാഗം ഡയറക്ടറായി കഴിഞ്ഞ ഫെബ്രുവരി 18നാണ് സ്വപ്ന സുരേഷ് നിയമിതയായത്. സ്വർണക്കടത്ത് കേസും തുടർ നടപടികളും സ്വപ്നയുടെ വ്യക്തിപരമായ കാര്യമാണെന്നും ഈ കേസിന്‍റെ കാര്യത്തിൽ എച്ച്.ആർ.ഡി.എസ് ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അജി കൃഷ്ണൻ വ്യക്തമാക്കി.
എന്നിട്ടും സംഘടനയെ പൊതുസമൂഹത്തിൽ വർഗീയ പരിവേഷം നൽകി അപകീർത്തിപ്പെടുത്തുകയും നിരന്തരം വേട്ടയാടുകയും ചെയ്യുന്നു. എച്ച്.ആർ.ഡി.എസ് പദ്ധതികൾക്ക് സർക്കാർ തുരങ്കം വെക്കുന്നു. സംഘടനക്കെതിരെ പൊലീസ് കള്ളക്കേസുകൾ എടുക്കുകയും പലതരത്തിലെ പ്രതികാരനടപടികൾ തുടരുകയും ചെയ്യുന്നതായി അജി കൃഷ്ണൻ ആരോപിച്ചു. എച്ച്.ആർ.ഡി.എസിന്‍റെ പാലക്കാട് ഓഫിസിൽ ജോലി ചെയ്തിരുന്ന സ്വപ്ന സുരേഷ്, തനിക്ക് ഭീഷണിയുണ്ടെന്നും പാലക്കാടുനിന്ന് കൊച്ചിയിലേക്ക് താമസം മാറ്റുകയാണെന്നും അറിയിച്ചിരുന്നു.
പുറത്താക്കൽ പ്രതീക്ഷിച്ചത് -സ്വപ്ന
കൊച്ചി: എച്ച്.ആർ.ഡി.എസിൽനിന്നുള്ള പുറത്താക്കൽ പ്രതീക്ഷിച്ചിരുന്നതാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സഹായിച്ചിരുന്നവർപോലും പിൻമാറുന്ന സ്ഥിതിയാണ്. കാർ ഡ്രൈവറെ നേരത്തേതന്നെ പിൻവലിച്ചിരുന്നു. ഇനി എച്ച്.ആർ.ഡി.എസ് നൽകിയ വീടും മാറേണ്ടിവരുമെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.
എച്ച്.ആർ.ഡി.എസിൽ വനിത ശാക്തീകരണം സി.ആർ.എസ് വിഭാഗം ഡയറക്ടറായിരുന്ന സ്വപ്ന ഒരാഴ്ച മുമ്പാണ് പാലക്കാടുനിന്ന് കൊച്ചിയിലേക്ക് താമസം മാറിയത്. വീട് ലഭിക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും വീട് നൽകിയ വീട്ടുടമസ്ഥരെ പൊലീസും സ്പെഷൽ ബ്രാഞ്ചും നാട്ടുകാരുമൊക്കെ ഭയപ്പെടുത്തുകയാണെന്നും സ്വപ്ന പറഞ്ഞിരുന്നു.
അതേസമയം, ബുധനാഴ്ച മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ സ്വപ്ന ഹാജരായില്ല. ആരോഗ്യകാരണങ്ങളാൽ ഹാജരാകാനാകില്ലെന്ന് ഇ-മെയിൽ മുഖേന അറിയിക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി പി.എസ്. സരിത്തും ചോദ്യം ചെയ്യലിനെത്തിയില്ല. സ്വപ്നയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് സരിത് അറിയിച്ചത്. എന്നാൽ, സരിത് ഗൂഢാലോചനക്കേസിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. എറണാകുളം പൊലീസ് ക്ലബിൽ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ടുവരെ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.