കൂറ്റൻ ട്രെയിലറുകൾ ചുരം കയറി; ഗതാഗതം പുനഃസ്ഥാപിച്ചു

കോഴിക്കോട്: മൂന്ന് മാസമായി താമരശ്ശേരി അടിവാരത്ത് പിടിച്ചിട്ടിരുന്ന കൂറ്റൻ ട്രെയിലറുകൾ ചുരം കയറി. കാര്യമായ തടസ്സങ്ങളില്ലാതെ മൂന്ന് മണിക്കൂറും ഇരുപത് മിനിറ്റും എടുത്താണ് ഇരു ട്രെയിലറുകളും ചുരം താണ്ടിയത്. പാൽപ്പൊടി നിർമാണ യന്ത്രങ്ങളുമായി കർണാടകയിലെ നഞ്ചൻകോട്ടേക്കായിരുന്നു യാത്ര. അടിവാരത്തുനിന്ന് വ്യാഴാഴ്ച രാത്രി 10.56ന് യാത്രയാരംഭിച്ച് പുലർച്ചെ രണ്ട് മണിയോടെയാണ് ചുരത്തിലെ ഒമ്പതാം വളവും കയറിയത്. പൊലീസ്, അഗ്നിരക്ഷ സേന, കെ.എസ്.ഇ.ബി, വനംവകുപ്പ് ജീവനക്കാർ, രണ്ട് ആംബുലൻസുകൾ എന്നിവയുടെ അകമ്പടിയിലായിരുന്നു ചുരം കയറ്റം. ചുരം സംരക്ഷണ സമിതിയും സഹായത്തതിനുണ്ടായിരുന്നു.

ഏറ്റവും മുന്നിൽ ഓടിച്ചത് വെളിച്ച സംവിധാനങ്ങൾ ഘടിപ്പിച്ച വാഹനമായിരുന്നു. ഇതിനു പിറകിലായിരുന്നു ട്രെയിലറുകളും കമ്പനിയുടെ പൈലറ്റ് വാഹനങ്ങളും. വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടിവന്നാൽ നന്നാക്കാനുള്ള മൊബൈൽ വർക്‌ഷോപ് സംവിധാനവും ഒരുക്കിയിരുന്നു. ട്രെയിലറുകളിൽ ഒന്നിന് 17 മീറ്റർ നീളവും 5.2 മീറ്റർ വീതിയും മറ്റൊന്നിന് 14.6 മീറ്റർ നീളവും 5.8 മീറ്റർ വീതിയുമാണുണ്ടായിരുന്നത്. ഇതിലൊന്ന് ഒന്നാം വളവെത്തും മുമ്പ് മൂന്ന് തവണ നിന്നെങ്കിലും തകരാർ പരിഹരിച്ച് വൈകാതെ കയറിത്തുടങ്ങി. വയനാട്ടിൽ നിന്നുള്ള 2 ആംബുലൻസുകൾക്ക് കടന്നുപോവാൻ ഏഴാം വളവിൽ അൽപ നേരം നിർത്തിയിട്ടിരുന്നു. 

കർണാടക നഞ്ചൻഗോഡിലെ നെസ്‌ലെ കമ്പനിയുടെ പ്ലാന്‍റിലേക്ക് കൊറിയയിൽനിന്ന് ഇറക്കുമതി ചെയ്ത കൂറ്റൻ യന്ത്രങ്ങളുമായി സെപ്തംബർ 10നാണ് ട്രെയിലറുകൾ എത്തിയത്. ചുരംവഴി പോകുന്നത് ഗതാഗത തടസ്സമുണ്ടാക്കുമെന്നതിനാൽ ജില്ലാ ഭരണകൂടം യാത്രാനുമതി നിഷേധിക്കുകയും താമരശ്ശേരിക്ക് സമീപം ദേശീയപാതയിൽ പുല്ലാഞ്ഞിമേട്ടിലും എലോകരയിലുമായി തടഞ്ഞിടുകയുമായിരുന്നു. 20 ടണ്ണിലേറെ ഭാരമുള്ള വാഹനങ്ങൾ കയറ്റിയാൽ ചുരം റോ‍ഡ് തകരുമോയെന്നും വാഹനങ്ങളിലെ വീതിയേറിയ യന്ത്ര ഭാഗങ്ങൾ വീതി കുറഞ്ഞ ചുരം റോഡിലൂടെ കൊണ്ടുപോകാൻ കഴിയുമോയെന്നും ആശങ്കയുണ്ടായിരുന്നു. നഷ്ടപരിഹാരമായി കമ്പനി 20 ലക്ഷം രൂപ കെട്ടിവച്ചതോടെയാണ് ചുരം വഴി കൊണ്ടുപോകാൻ അനുമതി നൽകിയത്.

ട്രെയ്‍ലറുകൾ കയറുന്നതിൻ്റെ ഭാഗമായി താമരശ്ശേരി ചുരത്തിൽ വ്യാഴാഴ്ച വ്യാഴാഴ്ച രാത്രി 11 മുതൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ച് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Huge trailers drove up the pass; Traffic has been restored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.