വൈത്തിരി (വയനാട്): മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൂറ്റൻ യന്ത്രങ്ങളുമായി രണ്ട് ട്രെയിലറുകളുടെ വയനാട് ചുരം കയറ്റത്തിന് തുടക്കം. രണ്ട് ട്രെയിലറുകളും ചുരം ഒന്നാം വളവ് പിന്നിട്ടു. ട്രെയിലറിലും അകമ്പടി വാഹനങ്ങളിലുമായി 14 ജീവനക്കാർ, അണ്ണാമലൈ ട്രാൻസ്‍പോർട്ട് കമ്പനി പ്രതിനിധികൾ, മെക്കാനിക്കുകൾ, രണ്ടുവീതം ക്രെയിനുകളും ആംബുലൻസുകളും, പൊലീസ്, അഗ്നിരക്ഷാസേന, വനം, കെ.എസ്.ഇ.ബി, പൊതുമരാമത്ത് (ദേശീയപാത വിഭാഗം), മോട്ടോർ വാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്‌റഫ്, സി.ഐ ടി.എ. അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ 30 ഓളം പൊലീസുകാര്‍ സുരക്ഷയൊരുക്കാനെത്തി. കൂടാതെ, ചുരം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും രംഗത്തുണ്ട്.
രാത്രി 11ഓടെയാണ് ട്രെയിലറുകൾ പുറപ്പെട്ടത്. കൂറ്റൻ ട്രെയിലറുകളുടെ യാത്ര കാണാൻ നിരവധി പേരാണ് എത്തിയത്. യാത്രക്കിടെ ഒരു ട്രെയ്‍ലർ ഓഫായെങ്കിലും തകരാർ പരിഹരിച്ചു.
പുലർച്ചെ അഞ്ചു വരെയാണ് ചുരത്തിൽ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. രാവിലെ വരെ ആംബുലൻസ് ഒഴികെ ഒരു വാഹനവും കടത്തിവിടില്ല. ചുങ്കത്തും ലക്കിടിയിലും വെച്ചാണ് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്.
നെസ്‌ലെ കമ്പനിയുടെ നഞ്ചൻകോട് പ്ലാന്റിലേക്കുള്ള വ്യവസായിക ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ യന്ത്രങ്ങൾ ദക്ഷിണ കൊറിയയിൽനിന്ന് കപ്പൽ മാർഗം ചെന്നൈയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് റോഡ് മാർഗം അടിവാരം വരെ ഇവയുമായെത്തിയ ട്രെയിലറുകൾക്ക് സെപ്റ്റംബർ 10ന് കോഴിക്കോട് ജില്ല ഭരണകൂടം ചുരംകയറാൻ അനുമതി നിഷേധിച്ചു. വയനാട് ചുരത്തിന് ബദൽപാതയായി കൊയിലാണ്ടി-മംഗളൂരു റോഡ് നിർദേശിച്ചെങ്കിലും മൂരാട് പാലംവഴി പോവാനാവില്ലെന്നതിനാൽ യാത്ര മുടങ്ങി.
പേരാമ്പ്ര, നാദാപുരം വഴി കണ്ണൂർ-മംഗളൂരു പാതയിൽ പ്രവേശിക്കാനുള്ള നീക്കവും പ്രായോഗിക പ്രശ്നങ്ങളാൽ ഒഴിവാക്കേണ്ടിവന്നു. പിന്നീട് തുടർയാത്ര സാധ്യത പഠിക്കാൻ കോഴിക്കോട് ജില്ല ഭരണകൂടം സമിതിയെ നിയോഗിച്ചു. ഒക്ടോബർ 27നാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. ഒടുവിൽ 104 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഡിസംബർ 22ന് രാത്രി ട്രെയിലറുകൾക്ക് ചുരം കയറാൻ അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.