പേരൂര്‍ക്കട (തിരുവനന്തപുരം): മുക്കോല സെൻറ് തോമസ് സെന്‍ട്രല്‍ സ്കൂളിലെ വിദ്യാർഥികളുടെ ആലിംഗന വിവാദത്തിൽ ഒത്തുതീർപ്പായി. വിദ്യാര്‍ഥികളെ പരീക്ഷയെഴുതിക്കാമെന്ന് സ്കൂള്‍ അധികൃതര്‍ സമ്മതിച്ചു. ശശി തരൂര്‍ എം.പിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിൽ നേരത്തേ ധാരണയായിരുന്നു. വിദ്യാർഥിനിക്ക് ബുധനാഴ്ച സ്കൂളിൽ പ്രവേശിച്ച് പഠനം തുടരാം.
വ്യാഴാഴ്ച നടക്കുന്ന പരീക്ഷ എഴുതാന്‍ ആണ്‍കുട്ടിക്കും സ്കൂള്‍ അധികൃതര്‍ അനുവാദം നൽകി. വിദ്യാർഥികൾ ബാലാവകാശകമീഷന് നൽകിയ പരാതികൾ പിൻവലിക്കാനും അനുരഞ്ജന ചര്‍ച്ചയില്‍ തീരുമാനമായി.
കഴിഞ്ഞ ജൂലൈ 21നാണ് വിവാദത്തിന് അടിസ്ഥാനമായ സംഭവം നടന്നത്. സ്കൂളിൽ സംഘടിപ്പിച്ച പാശ്ചാത്യ സംഗീത മത്സരത്തിൽ വിജയിച്ച പെൺകുട്ടിയെ സുഹൃത്തായ ആൺകുട്ടി ആലിംഗനം ചെയ്തതാണ് വിവാദമായത്. തുടർന്ന് രണ്ടു വിദ്യാർഥികളെയും സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. ആറുമാസമായി പഠനാവകാശം നിഷേധിച്ചത് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ ബാലാവകാശ കമീഷനെ സമീപിച്ചു. കുട്ടികളെ തിരിച്ചെടുക്കണമെന്ന് ബാലാവകാശ കമീഷൻ ഇടക്കാല ഉത്തരവു നൽകിയെങ്കിലും ഇതിനെതിരെ സ്കൂൾ മാനേജ്മെൻറ് ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടി.
കുട്ടികൾക്കെതിരെ സ്കൂള്‍ അധികൃതര്‍ കൈക്കൊണ്ട നടപടിക്കെതിരെ വിവിധ മേഖലകളിൽനിന്ന് പ്രതിഷേധമുയർന്നു. തുടർന്ന് ഇക്കാര്യം ചർച്ച ചെയ്യാൻ ശശി തരൂർ എം.പി മുൻ കൈയെടുത്ത് യോഗം വിളിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ ആലിംഗന വിവാദം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെയാണ് മാനേജ്മെൻറ് ഒത്തുതീര്‍പ്പിനു വഴങ്ങിയത്. വിദ്യാര്‍ഥികളെ പരീക്ഷക്കിരിക്കാന്‍ അനുവദിക്കാമെന്ന് സ്കൂൾ അധികൃതര്‍ കഴിഞ്ഞദിവസം എം.പിയുമായി നടത്തിയ ചർച്ചയിൽ സമ്മതിച്ചിരുന്നു. തുടര്‍പഠനത്തിനും അവസരമൊരുക്കും.
ഹാജര്‍ സംബന്ധിച്ച് സി.ബി.എസ്.ഇ ബോര്‍ഡില്‍നിന്നു പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനായി മുന്‍കൈയെടുക്കുമെന്നും മാനേജ്മെൻറ് അറിയിച്ചു. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ച സാഹചര്യത്തില്‍ നിയമ നടപടികളില്‍നിന്നും പിന്മാറാന് കുട്ടികളുടെ രക്ഷാകർത്താക്കളോട് മാനേജ്മെൻറ് ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മൂന്നിന് ഇതുസംബന്ധിച്ച് നടപടിക്രമങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ഒരു ചര്‍ച്ചകൂടി ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.