തിരുവനന്തപുരം: ലാവോസിലേക്കുള്ള മനുഷ്യക്കടത്തിന്റെ ഇരകളായ രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കേരള സൈബർ പൊലീസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. രക്ഷപ്പെട്ടവരിൽ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള നാലുപേരുമുണ്ട്. കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏജന്റുമാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കേരളത്തിൽനിന്നുൾപ്പെടെ നിരവധി പേരെ കടത്തുന്നതായി നേരത്തേ സൂചന ലഭിച്ചിരുന്നു. ലക്ഷങ്ങൾ വാങ്ങിയാണ് തൊഴിലന്വേഷകരെ ഏജന്റുമാർ സൈബർ തട്ടിപ്പ് സംഘത്തിന് വിൽക്കുന്നത്. സംഘത്തിന്റെ പിടിയിലായാൽ അവർ പറയുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യണം. സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുകയാണ് പ്രധാന ദൗത്യം. ഇതിൽ പരാജയപ്പെടുന്നവരെ പൂട്ടിയിട്ട് ശാരീരിക പീഡനത്തിന് വിധേയരാക്കും.
ഇതിനിടെ തങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് ചിലർ ഫോണിലൂടെ നാട്ടിലുള്ളവരെ അറിയിച്ചു. ഇതോടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കംബോഡിയൻ നിയമ നിർവഹണ ഏജൻസികളെ ബന്ധപ്പെട്ടു. ഒരു മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്വേഷണ സംഘത്തിന് രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായത്. പ്രത്യേക ലൊക്കേഷൻ ഗ്രാബിങ് ആപ് വികസിപ്പിച്ചാണ് അന്വേഷണ സംഘം ഇരകളെ തടവിലാക്കിയ സ്ഥലം കണ്ടെത്തിയത്. ഈ ഒളിത്താവളം റെയ്ഡ് ചെയ്താണ് ആറുപേരെ രക്ഷപ്പെടുത്തിയത്. അവരെ ലാവോസിൽനിന്നും സിംഗപ്പൂരിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്കും എത്തിച്ചു.
പ്രധാന കണ്ടെത്തലുകൾ
• കേരളത്തിൽ നടന്നുവരുന്ന ഓൺലൈൻ ട്രേഡിങ് സാമ്പത്തിക തട്ടിപ്പുകേസുകളുടെ ആസൂത്രണം തെക്ക് കിഴക്ക് ഏഷ്യൻ രാജ്യങ്ങളിൽ.
• വ്യാജ കാൾ സെൻറുകൾ നിയന്ത്രിക്കുന്നതിൽ പ്രധാനി മലപ്പുറം പാപ്പന്നൂർ സ്വദേശി.
• മലയാളി യുവാക്കൾ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ കമീഷൻ വ്യവസ്ഥയിൽ തട്ടിപ്പിന് വാടകയ്ക്ക് നൽകുന്നു.
• കുറുക്ക് വഴികളിലൂടെ വിദേശരാജ്യങ്ങളിൽ തെഴിൽ തേടി പോകുന്ന യുവാക്കളെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.
• ദുബൈ, ബാങ്കോക്, സിങ്കപ്പൂർ, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിലെ അഭിമുഖങ്ങളിലൂടെയാണ് ഏജന്റുമാർ ഇവരെ കണ്ടെത്തുന്നത്.
• ഉയർന്ന ശമ്പളവും ഹോട്ടൽ താമസവും റിട്ടേൺ എയർ ടിക്കറ്റുകളും വാഗ്ദാനം ചെയ്താണ് യുവാക്കളെ ആകർഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.