Representative Image

മനുഷ്യക്കടത്ത്​: സംശയാസ്പദമായി കണ്ട മത്സ്യബന്ധന ബോട്ട് പിടികൂടി

ആറാട്ടുപുഴ: സംശയാസ്പദമായി കണ്ട മത്സ്യബന്ധന ബോട്ട് പിടികൂടി. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസാണ് വട്ടച്ചാൽ തീരത്തുനിന്ന്​ 12 നോട്ടിക്കൽ മൈൽ അകലെ കടലിൽനിന്നും ബോട്ട് പിടികൂടിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാഗർകോവിൽ ക്യൂ ബ്രാഞ്ച് ഇൻസ്പെക്ടർ കേരളത്തിലേക്ക് നൽകിയ സന്ദേശം തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ എ. മണിലാൽ മത്സ്യത്തൊഴിലാളികൾ ഉൾക്കൊള്ളുന്ന വാട്സ്​ആപ്പ് ഗ്രൂപ്പിലേക്ക് കൈമാറിയിരുന്നു.

സംശയകരമായി ബോട്ടുകൾ കണ്ടാൽ അറിയിക്കണം എന്നായിരുന്നു നിർദേശം. മത്സ്യബന്ധനത്തിനിടെ തൊഴിലാളികൾ നൽകിയ വിവരത്തി​െൻറ അടിസ്ഥാനത്തിലാണ് ഞായറാഴ്ച രാവിലെ 9.15ഓടെ തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് എ.എസ്.ഐമാരായ ആർ. സജീവ് കുമാർ, കെ. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലെ സംഘം ആഴക്കടലിൽ പോയി ബോട്ട് പിടിച്ചെടുത്തത്.

മത്സ്യബന്ധനത്തിന് മറൈൻ വകുപ്പ് നൽകുന്ന പെർമിറ്റ് കൈവശമുണ്ടെങ്കിലും വലകളോ മറ്റ് മത്സ്യ ബന്ധന സാമഗ്രികളോ ബോട്ടിൽ ഇല്ലാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. ബോട്ട് മുമ്പും മത്സ്യത്തൊഴിലാളികൾ കണ്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.

മൂന്ന് കന്യാകുമാരി സ്വദേശികളും പോണ്ടിച്ചേരി സ്വദേശിയുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കൊച്ചിയിൽനിന്നും തമിഴ്നാട്ടിലെ തേങ്ങാ പട്ടണത്തിലേക്ക് മത്സ്യബന്ധന സാമഗ്രികൾ കയറ്റാൻ പോവുകയാണെന്നായിരുന്നു തൊഴിലാളികൾ പൊലീസിനോട് പറഞ്ഞത്.

ലക്ഷദ്വീപ് സ്വദേശി ഇബ്നു സിയാദി​െൻറ ഉടമസ്ഥതയിലുള്ള ബോട്ടാണിത്. കോസ്റ്റൽ പൊലീസ് എസ്.ഐ എ. മണിലാൽ ബോട്ടിലെത്തി നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. കൂടാതെ കൃത്യമായ രേഖകൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് ബോട്ട് പിടികൂടി വലിയഴീക്കൽ ഹൈസ്കൂളിന് സമീപം എത്തിക്കുകയും തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

വിവിധ അന്വേഷണ സംഘങ്ങൾ ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ബോട്ടിൽനിന്നും സംശയകരമായ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ല. യഥാർഥ രേഖകളുമായി എത്താൻ ഉടമസ്ഥനോട് ഫോണിൽ പൊലീസ് ആവശ്യപ്പെട്ടു. മത്സ്യബന്ധന ബോട്ടുകൾ രൂപമാറ്റം വരുത്തി മനുഷ്യക്കടത്തിന് ഉപയോഗിക്കുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിൽ കടലിലെ പരിശോധന ശക്തമാക്കിയിരിക്കുകയാണെന്ന് എസ്.ഐ എ. മണിലാൽ പറഞ്ഞു. കോസ്റ്റൽ ഗാർഡുമാരായ വിജിത്ത്, മണിലാൽ സ്രാങ്കുമാരായ ഇഗ്നേഷ്, ഷൈജു, ലാസ്കർ സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Human trafficking: Suspicious fishing boat seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.