കൊച്ചി: സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ സർക്കാർ സമർപ്പിച്ച 620 കോടിയുടെ പദ്ധതി കേന്ദ്ര സർക്കാർ മടക്കി. വിവിധ പദ്ധതികളിലൂടെയും വിഭവ സമാഹരണത്തിലൂടെയും ശാസ്ത്രീയവും നൂതനവുമായ സമീപനങ്ങളിലൂടെയും പ്രശ്നത്തിന് കേരളം സ്വന്തം നിലക്ക് പരിഹാരം കണ്ടെത്താനാണ് വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശം. വർധിച്ചുവരുന്ന വന്യജീവി ആക്രമണം തടയാനും ജീവനും സ്വത്തിനും നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാനുമായി തയാറാക്കിയ പദ്ധതി ഒന്നര വർഷം മുമ്പാണ് കേന്ദ്രത്തിന്റെ അംഗീകാരത്തിന് സമർപ്പിച്ചത്.
വന്യജീവി ആക്രമണത്തിൽ ജീവഹാനിയും വിളനാശവും വ്യാപകമായ സാഹചര്യത്തിലാണ് അഞ്ച് വർഷം കൊണ്ട് നടപ്പാക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പദ്ധതി തയാറാക്കിയത്. ഈ കാലയളവിൽ വന്യജീവികളിൽനിന്ന് മനുഷ്യർ നേരിടാനിടയുള്ള പ്രശ്നങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ മാത്രം കേരളത്തിൽ 50ഓളം പേർ മരിച്ചതായാണ് കേന്ദ്രത്തിന്റെ കണക്ക്. കേന്ദ്രം അനുമതി നൽകിയാൽ മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്നങ്ങൾക്ക് വലിയ തോതിൽ പരിഹാരം കാണാനാകുമെന്നായിരുന്ന വനം വകുപ്പിന്റെ പ്രതീക്ഷ. സൗരോർജ വേലി, സൗരോർജ തൂക്കുവേലി, ആന പ്രതിരോധ മതിലുകൾ, കിടങ്ങുകൾ, ജൈവവേലി തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കാൻ കേന്ദ്ര സഹായം വിനിയോഗിക്കാം എന്നും കണക്കുകൂട്ടിയിരുന്നു എന്നാൽ, കേന്ദ്രം കൈയൊഴിഞ്ഞതോടെ ഭാരിച്ച ബാധ്യത കേരളം സ്വയം ഏറ്റെടുക്കേണ്ട അവസ്ഥയാണ്.
കേന്ദ്രം പദ്ധതി മടക്കിയ സാഹചര്യത്തിൽ വിഭവ സമാഹരണത്തിനുള്ള ശ്രമങ്ങൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തികവർഷം സൗരോർജ വേലി സ്ഥാപിക്കാൻ നബാർഡ് വഴി 60 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പുതുതായി 680 കിലോമീറ്റർ സൗരോർജവേലിയും 132 കി.മീ കിടങ്ങും നിർമിക്കുകയാണ് ലക്ഷ്യം. വനാതിർത്തിക്ക് പുറത്തെ ജനവാസ മേഖലയിൽ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലുകയും കൂടുവെച്ച് പിടികൂടുകയും ചെയ്യുന്നതടക്കം നടപടികൾക്ക് 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാണ്.
ഇതുമൂലം അടിയന്തര ഘട്ടങ്ങളിൽ പോലും ചീഫ് വൈൽഡ്ലൈഫ് വാർഡന് നടപടി സ്വീകരിക്കാൻ കഴിയാറില്ല. ഈ സാഹചര്യത്തിൽ 1972ലെ നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശങ്ങൾ തയാറാക്കി സമർപ്പിക്കാൻ ചീഫ് സെക്രട്ടറി കൺവീനറായി അഞ്ചംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഭേദഗതി നിർദേശങ്ങൾ നിയമസഭ പാസാക്കുന്ന പ്രമേയം സഹിതം കേന്ദ്രത്തിന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.