കൽപ്പറ്റ: മനുഷ്യ - വന്യജീവി സംഘർഷ വിഷയത്തിൽ ബജറ്റ് വയനാടിനോടുള്ള വഞ്ചനയാണെന്ന് പ്രകൃതി സംരക്ഷണ സമിതി പ്രസ്താവനയിൽ അറിയിച്ചു. യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന വയനാട്ടിലെ മനുഷ്യ-വന്യ ജീവി സംഘർഷത്തെ എത്ര ലാഘവത്തോടെയും നിസാരമായുമാണ് സംസ്ഥാന സർക്കാറും ഭരണകക്ഷിയും കാണുന്നതെന്നത് എന്നതിൻ്റെ പ്രകടമായ ഉദാഹരണമാണ് സംസ്ഥാന ബജറ്റ്.
കേരളത്തിലെ മലയോര ഗ്രാമങ്ങളിലാകെ വന്യജീവി പ്രശ്നം അതീവ ഗുരുരമായ അവസ്ഥയിലാണെങ്കിലും വന്യജീവി - മനുഷ്യ സംഘർഷ പരിഹാരത്തിന് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് നാമമാത്രമായ തുകയാണ്. ഇത് വയനാടൻ കർഷകരോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞവർഷം വകയിരുത്തിയ 50.5 കോടിക്കു പകരം ഇത്തവണ 48.5 കോടിയായി ചുരുക്കി..
വിഹിതപ്രകാരം നാമമാത്രമായ തുക മാത്രമെ വയനാടിന്ന് ലഭിക്കുകയുള്ളൂ. ഇതാകട്ടെ ഒരു റെയ്ഞ്ചിലെ കൃഷി നാശത്തിന്നുള്ള നഷ്ടപരിഹാരത്തിനു പോലും തികയില്ല. മനുഷ്യ-വന്യ ജീവി സംഘർഷത്തിൽ ഇന്ത്യയിലെ തന്നെ മർമ്മ കേന്ദ്രമായി മാറിക്കഴിഞ്ഞ വയനാടിന്ന് പ്രത്യേക ബജറ്റ് വിഹിതം വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. പ്രശ്ന പരിഹാരത്തിത്തിനായി ഗ്രാമപഞ്ചായത്തുകൾക്ക് പ്രത്യേക ബജറ്റ്‌വിഹിതം വേണമെന്നതും അവഗണിക്കപ്പെട്ടു. കൊട്ടിഘോഷിക്കപ്പെട്ട മഖ്യമന്ത്രിയുടെ പ്രത്യേക വയനാട്പാക്കേജിലും വന്യജീവി പ്രശ്ന പരിഹാരത്തിനായി ഒരു പൈസയും നീക്കിവച്ചിട്ടില്ല.
കേരളം മാറി മാറി ഭരിച്ച സർക്കാറുകളുടെ നിസംഗതയും അവഗണനയുമാണ് പ്രശ്നം ഇത്രമേൽ സങ്കീർണമാക്കിയത്. വയനാട്ടിലെ എം.എൽ.എമാർക്ക് കൂട്ടിൽ അകപ്പെട്ട കടുവയെ വെടിവെച്ചു കൊല്ലാനും വനം ഉദ്യോഗസ്ഥരെ ബന്ധികളാക്കാനുമുള്ള പ്രക്ഷോഭത്തിനല്ലാതെ സർക്കാറിനെ പ്രശ്നപരിഹാരത്തിന് നിർബന്ധിതരാക്കാൻ താത്പര്യമില്ല.
സർക്കാറും ജനപ്രതികളും രാഷ്ട്രീയ പാർട്ടികളും ഇന്നത്തെ നിലപാട് തുടർന്നാൽ വയനാട് വീണ്ടെടുക്കാൻ കഴിയാത്ത മഹാദുരന്തത്തിലേക്ക് കൂപ്പുകുത്തുമെന്ന് സമിതി അധ്യക്ഷൻ എൻ.ബാദുഷയും തോമസ്സ് അമ്പലവയലും പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.